സീനിയർ വിദ്യാർഥികളുടെ ക്രൂര റാഗിങ്; ബംഗളൂരുവിൽ ആറ് വിദ്യാർഥികൾ പിടിയിൽ
text_fieldsകർണാടക: സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിങ്ങിനെ തുടർന്നുള്ള പരാതിയിൽ ഹോസ്റ്റൽ വാർഡനും ആറ് വിദ്യാർഥികൾക്കുമെതിരെ കേസ്. ബംഗളൂരു ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ നാല് ദിവസം തുടർച്ചയായി താൻ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്നും വാർഡന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.
പൊലീസ് പറയുന്നതനുസരിച്ച് 15 വയസ്സുള്ള പരാതിക്കാരനെ ഹോസ്റ്റലിലെ സീനിയർ വിദ്യാർഥികൾ നാല് ദിവസമായി ലക്ഷ്യമിട്ടിരുന്നു. വിദ്യാർഥിയെ നഗ്നനാക്കിയതിന് ശേഷം നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചതിനെ തുടർന്ന് ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ചെയ്തു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും വിദ്യാർഥിക്ക് നേരെ ആക്രമമുണ്ടായി. തന്നെ ഉപദ്രവിക്കരുതെന്ന് പറയുമ്പോൾ ചൂട് വെള്ളവും തണുത്ത വെള്ളവും ശരീരത്തിലൊഴിച്ച് ഉപദ്രവിക്കും. തുടർന്ന് വാർഡന് പരാതി നൽകിയെങ്കിലും നിസ്സാര കാര്യമാണെന്ന് പറഞ്ഞ് തള്ളി കളയുകയാണുണ്ടായത്.
പിന്നീട് മാതാപിതാക്കളോട് വിവരം പറയുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാത്തതിനും അലംഭാവം കാണിച്ചതിനുമാണ് വാർഡനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത, ജുവനൈൽ ജസ്റ്റിസ് ആക്റ്റ്, പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോക്സോ) ആക്റ്റ് എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രിൻപ്പലിനെയും ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

