ബംഗളൂരുവിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു; നിരവധിപേർക്ക് പരിക്ക്, ആറ് വീടുകൾ തകർന്നു
text_fieldsബംഗളൂരു: നഗരത്തിൽ സിലിണ്ടർ പൊട്ടത്തെറിച്ച് 10 വയസുകാരൻ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. സെൻട്രൽ ബംഗളൂരുവിലെ വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ആറ് വീടുകൾ പൊട്ടിത്തെറിയിൽ തകരുകയും ചെയ്തു. വീടുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ചിന്നപാളയത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരേ അതിർത്തിയിൽ തന്നെ സ്ഥിതി ചെയ്യുന്ന വീടുകളാണ് തകർന്നതെന്നാണ് വിവരം.
സിലിണ്ടർ ചോർച്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, അപകടത്തിന്റെ കാരണത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് പൊലീസ് കമീഷണർ സീമന്ത് കുമാർ പറഞ്ഞു. മൂന്നംഗ കുടുംബമാണ് വാടകക്കെടുത്ത വീട്ടിൽ താമസിച്ചിരുന്നതെന്നും പൊലീസ് കമീഷണർ കൂട്ടിച്ചേർത്തു.
ഈ വീടിന് സമീപത്തുള്ള വീട്ടിലെ കുട്ടിയാണ് മരിച്ചത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭ്വസ്ഥലത്ത് സന്ദർശനം നടത്തി. മുബാറക് എന്ന കുട്ടിയാണ് മരിച്ചത്. ഒമ്പത് പേർക്ക് തീപിടിത്തത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും സിദ്ധരാമയ്യ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് കർണാടക സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് പൊട്ടിത്തെറിയുണ്ടായെന്ന വിവരമറിയിച്ച് പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോണെത്തിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയർഫോഴ്സ്, ലോക്കൽ പൊലീസ് എന്നിവർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

