ഇന്ത്യയിൽ ജനിച്ചിട്ടും ഇന്ത്യക്കാരനല്ല; പൗരത്വത്തിനായി പോരാടി 'രാജ്യമില്ലാത്ത' യുവാവ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ജനിച്ച താൻ ഇന്ത്യക്കാരനാണെന്നാണ് ബഹിസൺ രവീന്ദ്രൻ വിശ്വസിക്കുന്നത്. എന്നാൽ, അധികൃതർ പറയുന്നത് ഇദ്ദേഹം ഇന്ത്യക്കാരനല്ലെന്നും.
ശ്രീലങ്കൻ അഭയാർഥി മാതാപിതാക്കൾക്ക് തമിഴ്‌നാട്ടിൽ ജനിച്ച 34 കാരനായ വെബ് ഡെവലപ്പറുടെ പഠനവും ജോലിയും എല്ലാം ഇവിടെയാണ്. കൂടാതെ ഇന്ത്യൻ പാസ്‌പോർട്ട് ഉൾപ്പെടെ സർക്കാർ നൽകിയ നിരവധി തിരിച്ചറിയൽ രേഖകളും കൈവശമുണ്ട്. എന്നാൽ, കഴിഞ്ഞ ഏപ്രിലിൽ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ കടുത്ത ഞെട്ടലാണതുണ്ടാക്കിയത്. രവീന്ദ്രന്റെ പാസ്‌പോർട്ട് അസാധുവാണെന്ന് പൊലീസ് പറയുന്നു.
1990ലെ ആഭ്യന്തര കലാപത്തിനിടയിൽ ഇന്ത്യയിലേക്ക് പലായനം ചെയ്ത ശ്രീലങ്കക്കാരായിരുന്നു രവീന്ദ്രന്റെ മാതാപിതാക്കൾ. അതുകൊണ്ട് അദ്ദേഹം ജന്മനാ ഇന്ത്യൻ പൗരൻ അല്ലെന്നാണ് അധികൃതരുടെ വാദം.
ഇന്ത്യയിൽ ജനിച്ച് വളരെക്കാലമായി ഇവിടെ താമസിക്കുന്ന ആർക്കും ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരുന്നു. എന്നാൽ, 1987ലെ നിയമ ഭേദഗതി പ്രകാരം ആ വർഷം ജൂലൈ 1ന് ശേഷം ജനിക്കുന്ന കുട്ടിക്ക് യോഗ്യത നേടണമെങ്കിൽ കുറഞ്ഞത് മാതാപിതാക്കളിൽ ഒരാൾ എങ്കിലും ഇന്ത്യൻ പൗരനായിരിക്കണമെന്നത് നിർബന്ധമാക്കി.
മാതാപിതാക്കൾ ഇന്ത്യയിലെത്തി മാസങ്ങൾക്കുള്ളിൽ 1991ലാണ് രവീന്ദ്രൻ ജനിച്ചത്. ഈ നിയമത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അധികാരികളിൽ നിന്ന് തന്റെ വംശാവലി മറച്ചുവെച്ചിട്ടില്ലെന്നും മദ്രാസ് ഹൈകോടതിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജന്മം വഴിയുള്ള പൗരത്വം സാങ്കേതികമല്ലെന്ന് അറിഞ്ഞ ഉടൻ തന്നെ താൻ സ്വാഭാവിക പൗരത്വത്തിന് അപേക്ഷിച്ചുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, ഇപ്പോൾ രാജ്യമില്ലാത്തവനായി മാറിയിരിക്കുകയാണിയാൾ.
1980കളിൽ തുടങ്ങി പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിനിടെ ദ്വീപ് രാഷ്ട്രത്തിൽനിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ശ്രീലങ്കൻ തമിഴ് അഭയാർഥികളുടെ ദുരവസ്ഥയാണ് ഇദ്ദേഹത്തിന്റെ സാഹചര്യം എടുത്തുകാണിക്കുന്നത്.
തമിഴ്‌നാട് സർക്കാറിന്റെ കണക്കനുസരിച്ച് അവരിൽ 90,000ത്തിലധികം പേർ അവിടെയുണ്ടെന്നാണ്. അഭയാർഥി ക്യാമ്പുകളിലും പുറത്തുമായാണ് ഇവർ താമസിക്കുന്നത്. ചരിത്രപരമായ ബന്ധങ്ങൾ, ഭാഷാപരവും സാംസ്കാരികവുമായ സമാനതകൾ, ശ്രീലങ്കയുമായുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യം എന്നിവ കാരണം പലരും തമിഴ്നാടിനെ ഒരു അഭയകേന്ദ്രമായി തെരഞ്ഞെടുക്കുകയായിരുന്നു.
1987നു ശേഷം ശ്രീലങ്കൻ തമിഴ് മാതാപിതാക്കളിൽ ജനിച്ച രവീന്ദ്രനെപ്പോലുള്ള 22,000ത്തിലധികം വ്യക്തികൾ ഇപ്പോൾ ഇവിടെ ഉണ്ട്. എന്നാൽ, പതിറ്റാണ്ടുകൾക്കു ശേഷവും അവരുടെ പൗരത്വ പദവി അനിശ്ചിതത്വത്തിലാണ്. 1951ലെ യു.എൻ അഭയാർഥി കൺവെൻഷനിലോ അതിന്റെ 1967ലെ പ്രോട്ടോക്കോളിലോ ഇന്ത്യ ഒപ്പുവച്ചിട്ടില്ലാത്തതും ശ്രീലങ്കൻ അഭയാർഥികളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നതുമാണ് ഒരു കാരണം.
ഇന്ത്യയുടെ അയൽരാജ്യങ്ങളിലുള്ള മുസ്‍ലിം ഇതര ന്യൂനപക്ഷങ്ങളുടെ അപേക്ഷകൾ വേഗത്തിൽ ട്രാക്ക് ചെയ്യുന്ന 2019ലെ പൗരത്വ ഭേദഗതി നിയമം (സി.എ.എ), ശ്രീലങ്കയിൽ നിന്നുള്ള തമിഴരെയും ഒഴിവാക്കുന്നു.
ശ്രീലങ്കൻ തമിഴരുടെ പദവി രാജ്യത്ത് ഒരു വൈകാരിക വിഷയമാണ്. അവരുടെ പൗരത്വ ആശങ്കകൾ പരിഹരിക്കാൻ സഹായിക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുണ്ടുങ്കെിലും മിക്കവർക്കും അത് ഒരു വിദൂര സ്വപ്നമായി തുടരുന്നു.
2022ലാണ് ഇന്ത്യ ആദ്യത്തെ ശ്രീലങ്കൻ വ്യക്തിക്ക് പൗരത്വം നൽകിയത്. മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരത്വം നിർബന്ധമാക്കുന്ന 1987ലെ നിയമം നിലവിൽ വരുന്നതിന് ഒരു വർഷം മുമ്പ് ജനിച്ച കെ. നളിനി എന്ന യുവതിക്കായിരുന്നു അത്. അതിനുശേഷം കുറഞ്ഞത് 13 ശ്രീലങ്കൻ തമിഴർക്ക് പൗരത്വം ലഭിച്ചിട്ടുണ്ട്.
തന്റെ കേസ് ഉടൻ പരിഗണിക്കപ്പെടുമെന്ന് രവീന്ദ്രൻ പ്രതീക്ഷിക്കുന്നു. ഇന്ത്യയോടുള്ള കൂറ് പ്രഖ്യാപിച്ച അദ്ദേഹം ശ്രീലങ്കയിലേക്ക് മടങ്ങാൻ താൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു.
ജീവിതത്തിൽ ഒരിക്കൽ മാത്രമേ ദ്വീപ് രാജ്യത്തേക്ക് യാത്ര ചെയ്തിട്ടുള്ളൂ. 2024 സെപ്റ്റംബറിൽ ഒരു ശ്രീലങ്കൻ സ്ത്രീയെ വിവാഹം കഴിക്കാനായിരുന്നു അത്. ഈ വർഷം തന്റെ പങ്കാളിയുടെ പേര് ഉൾപ്പെടുത്താൻ പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

