മരണത്തിലും ഒരുമിച്ച്; പാക് ഷെല്ലാക്രമണത്തിൽ ഇരട്ടകൾ കൊല്ലപ്പെട്ടത് പിറന്നാളാഘോഷത്തിന് ദിവസങ്ങൾക്കുശേഷം, മക്കളുടെ മരണവിവരം അറിയാതെ പിതാവ് ഗുരുതരാവസ്ഥയിൽ
text_fieldsജമ്മു: നിമിഷങ്ങളുടെ വ്യത്യാസത്തിലായിരുന്നു ഇരട്ടകളായ ഉർബ ഫാത്തിമയുടെയും സെയ്ൻ അലിയുടെയും ജനനം. മരണത്തിലും അത് ആവർത്തിച്ചു. പാക് ഷെല്ലാക്രമണത്തിൽ ഈ ഇരട്ട സഹോദരങ്ങൾ കൊല്ലപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണ്.
അതും പന്ത്രണ്ടാം പിറന്നാളാഘോഷം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷം. 2025 മേയ് ഏഴിന് പൂഞ്ചിലെ ആ വാടക വീട്ടിൽ കെട്ടടങ്ങിയത് ഇരുവരുടെയും കളിചിരികൾ മാത്രമല്ല, ഒരു കുടുംബത്തിന്റെയാകെ സന്തോഷം കൂടിയാണ്. 27 പേരുടെ മരണത്തിനിടയാക്കിയ മോർട്ടാർ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ പിതാവ് റമീസ് ഖാൻ ഐ.സി.യുവിൽ ജീവനുവേണ്ടി പൊരുതുകയാണ്, പൊന്നോമനകൾ ഈ ലോകം വിട്ടുപോയതറിയാതെ...
പൂഞ്ച് ജില്ലയിലെ മാണ്ഡിയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായ റമീസ് ഖാനിന്റെയും (47) ഉർഷ ഖാനിന്റെയും (40) മക്കളായ ഉർബയും സെയ്നും 2014 ഏപ്രിൽ 25നാണ് ജനിച്ചത്. ‘ജനനത്തിൽ മാത്രമല്ല, കളികളിലും പഠനത്തിലുമെല്ലാം ഒരുമിച്ചായിരുന്ന അവർ മരണത്തിലും ഒരുമിച്ചു’ -മാതൃസഹോദരൻ ആദിൽ പത്താൻ പറയുന്നു. പൂഞ്ച് ജില്ലാ ആസ്ഥാനത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ കാലൈ ഗ്രാമത്തിലായിരുന്നു റമീസും കുടുംബവും താമസിച്ചിരുന്നത്. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി രണ്ട് മാസം മുമ്പാണ് ഇവർ പൂഞ്ചിലെ വാടകവീട്ടിലേക്ക് മാറിയത്. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു ഉർബയും സെയ്നും. ‘അവരുടെ പന്ത്രണ്ടാം പിറന്നാൾ ഞങ്ങൾ ആഘോഷിച്ചിട്ട് അധികം ദിവസങ്ങളായില്ല’- ആദിലിന്റെ വാക്കുകളിലും കണ്ണീർ നനവ്.
ഇവരുടെ താമസസ്ഥലത്തിന് സമീപം പാക് ആക്രമണം നടക്കുന്നുണ്ടെന്നറിഞ്ഞ് സഹായിക്കാനായി മേയ് ഏഴിന് രാവിലെ 6.30നാണ് ആദിൽ എത്തിയത്. അപ്പോഴേക്കും ഷെല്ലാക്രമണം ശക്തമായിരുന്നു. ആദ്യം വീട്ടിൽ നിന്നറിങ്ങിയത് റമീസും ഉർബയും സെയ്നുമാണ്. അപ്പോൾ തന്നെ ഇവർ ഷെല്ലാക്രമണത്തിന് ഇരയാകുകയായിരുന്നു. ഉടൻ ആദിലിന്റെ വാഹനത്തിൽ മൂവരെയും പൂഞ്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കരളിൽ ഗുരുതര പരിക്കേറ്റ റമീസിനെ ജില്ലാ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കായി രജൗരിയിലെ ഗവ. മെഡിക്കൽ കോളജ് ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ നിന്ന് ജമ്മുവിലെ ഗവ. മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലേക്കും. മേയ് 10ന് റമീസിന് ബോധം തിരികെ ലഭിച്ചെങ്കിലും മക്കൾ മരിച്ചത് അറിയിച്ചിട്ടില്ല. ‘മക്കളെ എപ്പോഴും അന്വേഷിക്കാറുണ്ട്. അവർ മുത്തശ്ശിയുടെ വീട്ടിലാണെന്ന് കള്ളം പറഞ്ഞിരിക്കുകയാണ് ഞാൻ. അദ്ദേഹം ഒരിക്കലും മക്കളെ ശകാരിച്ചിട്ടുപോലുമില്ല. അവർ ഇല്ലാതായെന്നറിഞ്ഞാൽ അദ്ദേഹത്തിന്റെ അതിജീവനം സാധ്യമാകില്ല.’ -മക്കളുടെ വിയോഗവും ഭർത്താവിന്റെ ഗുരുതരാവസ്ഥയും സങ്കടക്കടലിലാക്കിയ ഉർഷയിൽ നിന്ന് കണ്ണീരൊഴിയുന്നില്ല.
വൈദ്യസഹായം എത്താൻ വൈകിയതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയതെന്ന് ആദിൽ പറയുന്നു. ‘ഞങ്ങൾ ശരിക്കും ഭയന്നുപോയി. മണിക്കൂറുകളോളം ഷെല്ലാക്രമണം തുടർന്നു. ആശുപത്രിയിലെത്താൻ മണിക്കൂറുകളെടുത്തു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ കീഴിൽ വിപുലമായ ചികിത്സയ്ക്കായി റമീസിനെ ഡൽഹിയിലേക്ക് മാറ്റണമെന്ന് സർക്കാറിനോട് ഞങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്. അതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി പഴുതടച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’- ആദിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

