Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനസംഖ്യാ...

ജനസംഖ്യാ തകർച്ചയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി യു.എസ് സാമ്പത്തിക വിദഗ്ധരുടെ പുതിയ പുസ്തകം; ഇലോൺ മസ്ക് ഫണ്ട് ചെയ്തതെന്ന് വിമർശനം

text_fields
bookmark_border
ജനസംഖ്യാ തകർച്ചയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി യു.എസ് സാമ്പത്തിക വിദഗ്ധരുടെ പുതിയ പുസ്തകം; ഇലോൺ മസ്ക് ഫണ്ട് ചെയ്തതെന്ന് വിമർശനം
cancel

വാഷിംങ്ടൺ: ജനസംഖ്യാ തകർച്ചയുമായി ബന്ധപ്പെട്ട ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയും വിമർശനങ്ങൾ ഏറ്റുവാങ്ങിയും അന്തർദേശീയ സാമ്പത്തിക വിഗ്ദധരുടെ പുതിയ പുസ്തകം. ഡീൻ സ്പിയേഴ്സും മൈക്കൽ ഗെറുസോയും ചേർന്ന് രചിച്ച ‘ആഫ്റ്റർ ദി സ്പൈക്ക്: പോപ്പുലേഷൻ, പ്രോഗ്രസ്, ആൻഡ് ദി കേസ് ഫോർ പീപ്പിൾ ’എന്ന പേരിൽ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പുസ്തകം വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് പല കാരണങ്ങളാലാണ്.

ടെക്സസ് സർവകലാശാലയിലെ ഓസ്റ്റിനിലെ പോപ്പുലേഷൻ വെൽബീയിങ് ഇനിഷ്യേറ്റീവ് (പി.ഡബ്ല്യു.ഐ) യുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇരുവരും യു.എസ് ശതകോടീശ്വരനായ മസ്കിന്റെ ഫണ്ട് വാങ്ങിക്കൊണ്ട് അദ്ദേഹത്തിന്റ ജനസംഖ്യാ തകർച്ചയുമായി ബന്ധപ്പെട്ട സിദ്ധാന്തത്തിന് ബലം പകര​ുന്നു എന്നതാണ് അതിലൊന്ന്. മസ്‌ക് പി.ഡബ്ല്യു.ഐക്ക് 10 മില്യൺ ഡോളർ സഹായം നൽകിയിരുന്നുവെന്ന് ബ്ലൂംബെർഗ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

‘മനുഷ്യകുലം ജനസംഖ്യാ തകർച്ചയുടെ പാതയിൽ’ എന്നാണ് പുസ്തകത്തിന്റെ ആദ്യ വരി. ഇത് ഒരു ഉണർത്തൽ കാഹളമാണെന്ന് രചയിതാക്കൾ പറയുന്നു. ആഗോള ജനസംഖ്യയിൽ എന്തുകൊണ്ട് ഇടിവു വരുന്നു? അത് എന്തുകൊണ്ട് പ്രധാന്യമുള്ള വിഷയമാവുന്നു? ഇതു നേരിടാൻ എന്തുചെയ്യണം​? എന്നിവ വിശദീകരിക്കുന്നതാണ് ഈ പുസ്തകം.

അതേസമയം, ഗവേഷണത്തിന് ധനസഹായം നൽകിയവരുടെയോ അവർ നന്ദി പറഞ്ഞ ആളുകളുടെയോ വീക്ഷണങ്ങളെ തങ്ങളുടെ പുസ്തകം പ്രതിഫലിപ്പിക്കുന്നില്ലെന്ന് മൈക്കൽ ഗെറുസോ പറഞ്ഞതായി ‘ദി ടെലിഗ്രാഫ്’ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. പുസ്തകം മുൻകൂട്ടി അവലോകനം ചെയ്യാൻ സാമ്പത്തിക സഹായം നൽകിയവർക്കൊന്നും അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകത്തിനെതിരായ മറ്റൊരു വിമർശനം, ഇന്ത്യയിലെ വെളിയിട മലമൂത്ര വിസർജനവുമായി ബന്ധപ്പെട്ട ഇരുവരുടെയും കണ്ടെത്തലിന്റെ പേരിലാണ്. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം മൂലം ഇന്ത്യയിൽ ഹിന്ദുക്കൾക്കിടയിലെ ശിശുമരണനിരക്ക് കൂടുതലാണെന്നായിരുന്നു യു.എസ് സാമ്പത്തിക വിദഗ്ധരായ ഡീൻ സ്പിയേഴ്സും മൈക്കൽ ഗെറുസോയും 2014ൽ എഴുതിയ ഒരു പ്രബന്ധത്തിൽ അവകാശപ്പെട്ടത്.

ഇന്ത്യയെക്കുറിച്ച് ഗെറുസോയും സ്പിയേഴ്‌സും

ഒരു ദശാബ്ദത്തിലേറെ മുമ്പ്, 2014 മാർച്ചിൽ ഗെറുസോയും സ്പിയേഴ്‌സും മറ്റൊരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അന്നത് ഇന്ത്യയെ അമ്പരപ്പി​ലാഴ്ത്തി. ‘ശുചിത്വവും ആരോഗ്യ ബാഹ്യഘടകങ്ങളും: മുസ്‍ലിം മരണനിരക്ക് പരിഹരിക്കൽ’ എന്ന തലക്കെട്ടിൽ ആയിരുന്നു അത്.

ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമാണെങ്കിലും, ഇന്ത്യയിലെ മുസ്‍ലിംകൾ ഹിന്ദുക്കളേക്കാൾ ശിശുമരണനിരക്ക് കുറവാണെന്ന് പഠനം അവകാശപ്പെട്ടു. കാരണം ഹിന്ദുക്കൾ തുറന്ന സ്ഥലത്തെ മലമൂത്ര വിസർജനം നടത്താനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നും ഇത് രോഗം പടർത്തുകയും18 ശതമാനം മരണനിരക്കിനിടയാക്കുകയും ചെയ്യുന്നുവെന്നായിരുന്നു അത്.

13 മുതൽ 49 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളെയും അവരുടെ കുട്ടികളെയും കുടുംബ സാഹചര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇന്ത്യയുടെ ദേശീയ കുടുംബാരോഗ്യ സർവേയുടെ മൂന്ന് റൗണ്ടുകളിൽ നിന്നുള്ള ഡാറ്റ 1992–93, 1998–99, 2005–06 അതിനായി വിശകലനം ചെയ്തു. കുട്ടികളുടെ ആരോഗ്യ സൂചകങ്ങൾ, ഗാർഹിക ആസ്തികൾ, ശുചിത്വ രീതികൾ എന്നിവ ഈ ഡാറ്റയിൽ ഉൾപ്പെടുന്നു.

ഓരോ സർവേ റൗണ്ടിനും മുമ്പ് 10 വർഷത്തിനുള്ളിൽ ജനിച്ച ഏകദേശം 310,000 ഹിന്ദു- മുസ്‍ലിം കുട്ടികളെയാണ് സാമ്പിളിൽ ഉൾപ്പെടുത്തിയത്. 1,000 ജനനങ്ങളിൽ ശിശുമരണനിരക്ക് (ഒരു വയസ്സിന് മുമ്പുള്ള മരണം) ഉം ശിശുമരണനിരക്ക് (അഞ്ച് വയസ്സിന് മുമ്പുള്ള മരണം) ഉം ആയിരുന്നു പ്രധാന ഫലങ്ങൾ.

2014 ഒക്ടോബറിൽ തുറന്ന സ്ഥലത്തെ മലമൂത്ര വിസർജ്ജനം നിർത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് മിഷൻ’ ആരംഭിച്ചു. അതിന്റെ നാലു വർഷത്തിന് ശേഷം, അമേരിക്കൻ ഇക്കണോമിക് ജേണലായ ‘അപ്ലൈഡ് ഇക്കണോമിക്സിൽ’ ഗെറുസോയും സ്പിയേഴ്‌സും ചേർന്ന് എഴുതിയ ‘നയ്ബർഹുഡ് സാനിറ്റേഷൻ ആൻഡ് ഇൻഫന്റ് മോർട്ടാലിറ്റി’ എന്ന മറ്റൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു.

‘ഇന്ത്യൻ മുസ്‍ലിംകൾക്ക് സമ്പത്ത്, ഉപഭോഗം, വിദ്യാഭ്യാസ നേട്ടം, ഭരണ സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവ കുറഞ്ഞ അളവിൽ ആയിരുന്നിട്ടും, ഹിന്ദു കുട്ടികളേക്കാൾ മുസ്‍ലിം കുട്ടികൾക്ക് അവരുടെ ഒന്നാം ജന്മദിനം വരെ അതിജീവിക്കാൻ ശേഷിയുണ്ടെന്ന് അതിൽ പറയുന്നു. അതിലും ചൂണ്ടിക്കാട്ടിയ കാരണം ഒന്നുതന്നെയായിരുന്നു. തുറന്ന സ്ഥലത്തെ മലമൂത്ര വിസർജനം.

സ്പിയേഴ്‌സും ഗെറുസോയും ഇപ്പോഴും അവരുടെ കണ്ടെത്തലുകളിൽ വിശ്വസിക്കുന്നുണ്ടോ?

‘ഏകദേശം ഒരു ദശാബ്ദം മുമ്പാണ് ഞങ്ങൾ ഈ പ്രബന്ധം ജേണലിന് സമർപ്പിച്ചത്. ഇത് ഏഴു വർഷം മുമ്പ് അവർ പ്രസിദ്ധീകരിച്ചു. പ്രധാനമായത്, രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഡാറ്റ ഉപയോഗിച്ച് ചെയ്തതാണ് ഇത് എന്നതാണ്’ എന്നാണവർ അതിനു നൽകുന്ന വിശദീകരണം.

‘സ്വച്ഛ് ഭാരത് മിഷൻ’ ഈ അടിസ്ഥാന യാഥാർത്ഥ്യത്തെ മാറ്റിമറിച്ചോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു ഡീനിന്റെ വാക്കുകൾ. ‘സമീപ വർഷങ്ങളിൽ ശൗചാലയത്തിന്റെ ഉടമസ്ഥതയും അതിന്റെ ഉപയോഗവും കൂടിയതായി കാണിക്കുന്ന പുതിയതും സ്വതന്ത്രവും വിശ്വസനീയവുമായ ഡാറ്റയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗെറുസോ പറഞ്ഞു. ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ ഡാറ്റ (2019നും 2021നും ഇടയിൽ നടത്തിയത്) ഗ്രാമീണരുടെ ഇടയിൽ തുറന്ന മലമൂത്ര വിസർജ്ജനം കുറഞ്ഞുവെന്ന് കാണിക്കുന്നു. എന്നാൽ ഗെറുസോ പറയുന്നത്, നിർഭാഗ്യവശാൽ അതിൽ നല്ലൊരളവും ഉത്തർപ്രദേശിലും ബിഹാറിലും ഇപ്പോഴും തുടരുന്നുവെന്നാണ്.’

‘സ്വച്ഛ് ഭാരത് ശ്രമങ്ങൾ മൂലം അതിൽ കുറവു സംഭവിച്ചു എന്നതിന് വിശ്വസനീയമായി ഉത്തരം നൽകാൻ കൂടുതൽ മികച്ച ഡാറ്റ ആവശ്യമുണ്ട്. അതേസമയം, ഗ്രാമപ്രദേശങ്ങളുള്ള യു.പിയിലും ബിഹാറിലും തുറന്ന മലമൂത്ര വിസർജ്ജന നിരക്ക് പൂജ്യത്തോട് അടുക്കുന്നുണ്ടെന്നതിനാൽ ഒരു സമൂഹത്തിലെയും കുട്ടികൾക്ക് ഇത് ഭാവിയിൽ ഭീഷണിയവില്ല എന്നതിലേക്കാണ് സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുസ്തകത്തിന്റെ ലക്ഷ്യമെന്ത്?

ജനസംഖ്യാ തകർച്ച കാലാവസ്ഥ, ജീവിത നിലവാരം, തുല്യത, പുരോഗതി, സ്വാതന്ത്ര്യം മനുഷ്യരാശിയുടെ പൊതുക്ഷേമം എന്നിവയെ എങ്ങനെ ബാധിക്കും എന്നത് വിശദീകരിക്കാനാണ് തങ്ങൾ പുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്ന് ഗെറുസോയും സ്പിയേഴ്‌സും പറയുന്നു.

ഭൂമിയിൽ പതിക്കുന്ന ഒരു വലിയ ഛിന്നഗ്രഹം, മഹാമാരികൾ, അഗ്നിപർവത സ്ഫോടനങൾ, കാലാവസ്ഥാ വ്യതിയാനം, നിർമിത ബുദ്ധി തുടങ്ങിയ വിനാശകരമായ സംഭവങ്ങൾ ജനസംഖ്യാ തകർച്ചയിലേക്ക് നയിക്കുന്ന അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് രണ്ട് സാമ്പത്തിക വിദഗ്ധരും കരുതുന്നു.

‘ചില ബാഹ്യ ദുരന്തങ്ങൾ സംഭവിക്കുകയാണെങ്കിൽ ഒരു പരിണതഫലമായി നമ്മൾ ഒരുമിച്ച് പരിഹരിക്കേണ്ട വലിയ, പങ്കിട്ട വെല്ലുവിളികളെ നേരിടാൻ നമുക്ക് ചുറ്റും ആവശ്യത്തിന് മനുഷ്യ വിഭവശേഷി ഉണ്ടാകില്ല എന്നും ഗെറുസോ പഞ്ഞതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.

‘പകർച്ചവ്യാധിക്ക് ഒരു പുതിയ വാക്സിൻ വികസിപ്പിക്കുകയോ അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യുകയോ ഉൾപ്പെടെ നമ്മൾ ചർച്ച ചെയ്യുന്ന യാഥാർത്ഥ്യബോധമുള്ളതും പ്രധാനപ്പെട്ടതുമായ വെല്ലുവിളികളെ ലളിതമാക്കുക എന്നതാണ് ഈ പഠനത്തിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ പുസ്തകത്തിലേക്ക് നടത്തിയ പശ്ചാത്തല ഗവേഷണത്തിന് സ്മിത്ത് റിച്ചാർഡ്‌സൺ ഫൗണ്ടേഷൻ, യു.എസ് എൻ.ഐ.എച്ചിന്റെ ഭാഗമായ യൂനിസ് കെന്നഡി ശ്രീവർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ്, മസ്‌ക് ഫൗണ്ടേഷൻ, ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ നിരവധി ധനസഹായികൾ പിന്തുണ നൽകിയിട്ടുണ്ടെന്നും രചയിതാക്കളിൽ ഒരാൾ പറഞ്ഞു.

‘ബിൽ മെലിൻഡ ഗേറ്റ്‌സ്, ഇലോൺ മസ്‌ക്, യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ പ്രോഗ്രാം ഓഫിസർമാരും മറ്റ് സിവിൽ സർവിസുകാരും ഞങ്ങളുടെ പുസ്തകത്തിന്റെ വീക്ഷണങ്ങളോട് യോജിക്കുമോ എന്ന് അറിയില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon Muskopen defecationbirthrateBill GatesIndia
News Summary - Book by international economists says open defecation has affected India's Hindu birth rate; Criticism that Musk and Bill Gates funded the authors
Next Story