ബംഗാളിൽ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറും വെടിവെപ്പും
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറും വെടിവെപ്പും. മുൻ എം.പി അർജുൻ സിങ്ങിന്റെ വീടിന് നേരെയാണ് ബോംബേറും വെടിവെപ്പുമുണ്ടായത്. പശ്ചിമബംഗാളിലെ ഭാട്ടിപാരയിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ എം.പി തന്നെ പുറത്ത് വിട്ടിട്ടുണ്ട്. സിങ്ങിന്റെ അടുത്ത അനുയായികളാണ് അക്രമികളെ വീട്ടിൽ നിന്നും ഓടിച്ചുവിട്ടത്.എം.പിയുടെ വീട്ടിലെ സാഹചര്യം ഇപ്പോൾ ശാന്തമാണ്. അക്രമികൾക്കെതിരെ നടപടിയെടുക്കുമെന്നും ബാരക്പോര പൊലീസ് കമീഷണർ അജയ് താക്കൂർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കൗൺസിലർ സുനിത സിങ്ങും മകൻ നമിത് സിങ്ങുമാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ മുന്നിൽ വെച്ചും നമിത് സിങ് തന്റെ വീടിന് നേരെ വെടിവെച്ചുവെന്നും എം.പി ആരോപിച്ചു. മേഘ്ന മില്ലിലെ തൊഴിലാളി തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.
അർജുൻ സിങ്ങും അദ്ദേഹത്തിന്റെ അനുയായികളുമാണ് സംഘർഷമുണ്ടാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് എം.എൽ.എ സോംനാഥ് ശ്യാം ആരോപിച്ചു. അർജുൻ സിങ്ങും അനുയായികളും മേഘ്ന മില്ലിലെ തൊഴിലാളികൾക്ക് നേരെ വെടിവെച്ചുവെന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
നിരവധി വെടിയുണ്ടകളും ബോംബുകളും എം.പിയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ സുരക്ഷ ഉറപ്പാക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ ഉൾപ്പടെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

