ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കാൻ പാടില്ലെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ഭാര്യക്ക് അവിഹിതം സംശയിക്കുന്നതിനാൽ മാത്രം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാൻ ഡി.എൻ.എ പരിശോധന നടത്തേണ്ട കാര്യമില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയിൽ ഡിഎൻഎ പരിശോധന നടത്താൻ നിർദ്ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈകോടതി നാഗ്പൂർ ബെഞ്ച് ജസ്റ്റിസ് ആർ.എം ജോഷിയാണ് വിധി പറഞ്ഞത്. അസാധാരണമായ കേസുകളിൽ മാത്രമേ അത്തരമൊരു ജനിതക പരിശോധന നടത്താൻ കഴിയൂ എന്നും അദ്ദേഹം വിധിയിൽ പറഞ്ഞു.
അവിഹിത ബന്ധത്തിന്റെ പേരിൽ വിവാഹമോചനം നേടാൻ തനിക്ക് അവകാശമുണ്ടെന്ന് പുരുഷൻ വാദിക്കുന്നത് മാത്രം ഡി.എൻ.എ പരിശോധനക്ക് ഉത്തരവിടാൻ പര്യാപ്തമായ കാരണമല്ല എന്നാണ് ജൂലൈ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കിയത്. ഭാര്യക്കെതിരെ അവിഹിത ബന്ധം ആരോപിക്കുന്നുണ്ടെങ്കിൽ കുട്ടിയെ പിതൃത്വ പരിശോധനക്ക് വിധേയനാക്കാതെ തന്നെ മറ്റ് തെളിവുകൾ ഉപയോഗിച്ച് അത് തെളിയിക്കാമെന്നും കോടതി നിരീക്ഷിച്ചു.
വേർപിരിഞ്ഞ ഭാര്യയും അവരുടെ 12 വയസ്സുള്ള മകനും സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. കുട്ടിയുടെ പിതൃത്വം നിർണയിക്കാൻ ഡി.എൻ.എ പ്രൊഫൈലിങ് ടെസ്റ്റ് നടത്താനായിരുന്നു 2020 ഫെബ്രുവരിയിലെ കുടുംബകോടതി ഉത്തരവ്. കുടുംബകോടതി അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതിൽ തെറ്റ് പറ്റിയെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ താൽപ്പര്യം പരിഗണിക്കൽ കുടുംബകോടതിയുടെ 'കടമയാണ്' എന്നും ഉത്തരവിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്തപരിശോധനക്ക് വിധേയമാക്കാൻ നിർബന്ധിക്കരുതെന്നും കുട്ടിക്ക് അതിൽ തീരുമാനമെടുക്കാനോ നിരസിക്കാനോ ഉള്ള പക്വതയില്ലായ്മ പരിഗണിക്കണം. സുപ്രീം കോടതി ഉത്തരവ് പരാമർശിച്ചുകൊണ്ട് കോടതി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ പരസ്പരം പോരടിക്കുമ്പോൾ മിക്കപ്പോഴും കുട്ടികളാണ് അതിന്‍റെ ഇരകളായി മാറുന്നത്. അതിനാൽ കോടതികൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അവകാശങ്ങളുടെ സംരക്ഷകരായി മാറണമെന്നും ഹൈകോടതി പറഞ്ഞു.
കക്ഷികൾക്കിടയിലുള്ള തർക്ക വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിലുപരി വലിയ ഉത്തരവാദിത്തം കോടതിക്കുണ്ട്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ രക്ത/ഡിഎൻഎ പരിശോധനക്ക് വിധേയമാക്കുന്നതിന് മുമ്പ് കോടതി അതിന്റെ ഗുണദോഷങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
2011-ൽ വിവാഹിതരായ ദമ്പതികൾ 2013 ജനുവരിയിൽ വേർപിരിഞ്ഞത്. വേർപിരിയുമ്പോൾ യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കാൻ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തണമെന്നായിരുന്നു ഭര്‍ത്താവായ യുവാവിന്‍റെ ആവശ്യം. താൻ കുട്ടിയുടെ പിതാവല്ലെന്ന് യുവാവ് ഒരിക്കലും അവകാശപ്പെട്ടില്ല എന്നും ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

