പ്രായപൂർത്തിയാകാത്ത മക്കൾക്ക് ജീവനാംശം നൽകുന്നതിൽനിന്ന് തൊഴിൽരഹിതനായ പിതാവിന് ഒഴിയാനാകില്ലെന്ന് ബോംബെ ഹൈകോടതി
text_fieldsനാഗ്പൂർ: പ്രായപൂർത്തിയാകാത്ത മക്കൾക്ക് ജീവനാംശം നൽകുന്നതിൽനിന്ന് തൊഴിൽരഹിതനായ പിതാവിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബോംബെ ഹൈകോടതി. മക്കൾക്ക് നൽകേണ്ട ജീവനാംശ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബുൽധാന സ്വദേശിയായ പിതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക ഉത്തരവ്. പ്രായപൂർത്തിയാകാത്ത മക്കളെ സംരക്ഷിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് എം.എം. നെർലിക്കർ വ്യക്തമാക്കി.
തന്റെ രണ്ട് മക്കൾക്ക് പ്രതിമാസം 4,000 രൂപ വീതം ആകെ 8,000 രൂപ ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവിനെതിരെയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ ഓട്ടോറിക്ഷ ഓടിച്ചാണ് താൻ ഉപജീവനം നടത്തിയിരുന്നതെന്നും, വിവാഹമോചന സമയത്ത് ഭാര്യക്ക് ഒറ്റത്തവണയായി നൽകേണ്ട തുകയ്ക്കായി വാഹനം വിൽക്കേണ്ടിവന്നതിനാൽ നിലവിൽ വരുമാനമെന്ന നിലയ്ക്ക് ഒന്നുമില്ലെന്നാണ് ഇയാൾ കോടതിയോട് പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ മക്കൾക്ക് പ്രതിമാസം 3,000 രൂപ വീതം നൽകാൻ താൻ തയാറാണെന്നും ഇയാൾ കോടതിയെ അറിയിച്ചു.
എന്നാൽ, ഈ വാദങ്ങൾ തള്ളിയ ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച്, തൊഴിൽരഹിതനായതിന്റെ പേരിൽ പിതാവിനെ ഉത്തരവാദിത്തങ്ങൾ ഒഴിഞ്ഞുപോകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾക്കായി പ്രതിമാസം 4,000 രൂപ വീതം നിശ്ചയിച്ച കുടുംബ കോടതി ഉത്തരവ് അമിതമാണെന്ന് പറയാനാകില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

