നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളി
text_fieldsമുംബൈ: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അനുജ പ്രഭുദേശയുടെ സിംഗ്ൾ ബെഞ്ച് തള്ളിയത്. സാധാരണ ജാമ്യം തേടിയുള്ള ഹരജിയിൽ രണ്ടാഴ്ചക്കുശേഷം ഹൈകോടതി വാദം കേൾക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വൃക്കരോഗിയായ മാലിക് നിലവിൽ കോടതി ഉത്തരവിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാലിക്കിന്റെ വൃക്കകളിലൊന്ന് പ്രവർത്തനരഹിതമാണെന്നും വൃക്കരോഗത്തിന്റെ മൂന്നാം ഘട്ടത്തിലേക്കു പ്രവേശിച്ചതായുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, ഒരു വൃക്കയുമായി നിരവധി പേർ സാധാരണ ജീവിതം നയിക്കുന്നുണ്ടെന്നും നിലവിൽ മാലിക്കിന് സ്വന്തം ചെലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും ഇ.ഡി പറഞ്ഞു. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

