മറാത്ത സംവരണ സമരം മുംബൈയെ നിശ്ചലമാക്കി; 24 മണിക്കൂറിനകം പിന്മാറണമെന്ന് ജാരൻഗിയോട് ഹൈകോടതി
text_fieldsമറാത്ത സംവരണം ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി മുംബൈയിൽ ട്രെയിൻ തടയുന്നു
മുംബൈ: മറാത്തകൾക്ക് സംവരണം ആവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന മനോജ് ജാരൻഗിക്കെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈകോടതി. നാല് ദിവസമായി തുടരുന്ന സമരം ഒട്ടും സമാധാനപരമാണെന്ന് പറയാനാകില്ലെന്ന് പറഞ്ഞ ജസ്റ്റിസ് രവീന്ദ്ര ഗുഗെ അധ്യക്ഷനായ ബെഞ്ച്, ചൊവ്വാഴ്ചയോടെ തെരുവുകളും ഗതാഗത സംവിധാനങ്ങളും ബന്ദിയാക്കിയുള്ള സമരം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചു.
സമരം മുംബൈ നഗരത്തെ പൂർണമായും സ്തംഭിപ്പിച്ചതായി നിരീക്ഷിച്ച കോടതി സമരക്കാരെ 24 മണിക്കൂറിനുള്ളിൽ തെരുവിൽനിന്ന് മാറ്റാൻ സർക്കാറിനോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഹൈകോടതി നിർദേശം പാലിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യക്തമാക്കിയതോടെ സംവരണസമരം സംഘർഷത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക ഉടലെടുത്തു.
മറാത്തകൾക്ക് ഒ.ബി.സി വിഭാഗത്തിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുക, മറാത്തകളെ കുൻബികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുംബൈയിലെ ആസാദ് മൈതാനിയിൽ വെള്ളിയാഴ്ചയാണ് ജാരൻഗി നിരാഹാരസമരം ആരംഭിച്ചത്. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സമരപ്പന്തലിലെത്തി ജാരൻഗിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ സമരം കൂടുതൽ ജനകീയമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ആസാദ് മൈതാനിയിലെത്തിയതോടെ റോഡുകളും റെയിൽവേ സ്റ്റഷേനുകളും നിറഞ്ഞു. മണിക്കൂറുകളോളമാണ് റോഡുകൾ ബ്ലോക്കായത്.
ട്രെയിനുകൾ പലതും വൈകുകയും റദ്ദാക്കുകയും ചെയ്തതോടെയാണ് വിഷയത്തിൽ കോടതി ഇടപെട്ടത്. സമരം നടത്താൻ ആസാദ് മൈതാനിയിൽ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സമരക്കാർ നഗരത്തിലെ പൊതുയിടങ്ങളെല്ലാം കൈയേറിയതായി വിമർശിച്ചു. വരും ദിവസങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ സമരപ്പന്തലിലേക്ക് എത്തുമെന്ന് ജാരൻഗി അവകാശപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചാൽ സ്ഥിതി ഗുരുതരമാകുമെന്ന് കോടതി പറഞ്ഞു. അതിനാൽ, ചൊവ്വാഴ്ചയോടെ സമരക്കാരെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോടതി സർക്കാറിനോട് നിർദേശിച്ചു. വിഷയം ഇന്നും കോടതി പരിഗണിക്കുന്നുണ്ട്.
അതിനിടെ, സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. തിങ്കളാഴ്ചയോടെ ജലപാനം പൂർണമായും ജാരൻഗി ഒഴിവാക്കിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ബാധിച്ചിട്ടുമുണ്ട്. മറുവശത്ത്, കോടതി നിർദേശം നടപ്പാക്കാൻ സർക്കാറും ഒരുങ്ങുകയാണ്. ഈ നിലതുടരാൻ അനുവദിക്കില്ലെന്ന് ഫഡ്നാവിസ് കോടതി നിർദേശത്തിന് പിന്നാലെ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

