48 മണിക്കൂറിനകം റോഡിലെ കുഴിയടക്കണം; നല്ല റോഡുകൾ ജനങ്ങളുടെ മൗലികാവകാശം -ബോംബെ ഹൈകോടതി
text_fieldsമുംബൈ: മുംബൈയിലെ മോശം റോഡുകളെ സംബന്ധിച്ച് നിർണായകവിധിയുമായി ബോംബെ ഹൈകോടതി. റോഡിൽ കുഴിമൂലമുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്നവർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. പരിക്കേൽക്കുന്നവർക്ക് പരിക്കിന്റെ തീവ്രത അനുസരിച്ച് 50,000 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നൽകണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ഉത്തരവ് ബാധകമാണെന്നും ബോംബെ ഹൈകോടതി ഉത്തവിട്ടു.
സുരക്ഷിതമായ റോഡുകൾ ഉണ്ടാക്കുകയെന്നത് ഭരണഘടനാപരമായ ഒരു കർത്തവ്യമാണ്. ജീവനക്കാനുള്ള അവകാശം എല്ലാവരുടയും മൗലികാവകാശമാണ്. മോശം റോഡുകൾ ഈ മൗലികവകാശം ലംഘിക്കുകയാണെന്നും ബോംബെ ഹൈകോടതി വ്യക്തമാക്കി. പൊതുതാൽപര്യ ഹരജിയിൽ സ്വമേധയ എടുത്ത കേസിലാണ് കോടതി ഉത്തരവ്. 2013ലാണ് ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിക്ക് മുമ്പാകെയെത്തിയത്.
മൺസൂൺകാലത്തെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് നിരവധി കോടതി ഉത്തരവുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മോശം അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമാണം നടത്തുന്നതിൽ തുടങ്ങി കൃത്യമായ പരിപാലനമില്ലാത്തത് വരെ റോഡുകൾ തകരാൻ കാരണമാവുന്നുണ്ടെന്നും 77 പേജ് വിധിപകർപ്പിൽ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റോഡുകളുടെ പരിപാലനം അഞ്ച് വർഷത്തേക്കെങ്കിലും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പരിപാലനം ഉറപ്പാക്കാൻ കരാറുകാരെ ബാധ്യസ്ഥരാക്കുക വഴി പ്രശ്നങ്ങൾ പരമാവധി കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

