Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സമരം ചെയ്യുന്ന വിദ്യാർഥികൾ സാമൂഹിക വിരുദ്ധരല്ല, അവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്'; ബോംബെ ഹൈകോടതി

text_fields
bookmark_border
Bombay High Court building representing the bench hearing proceedings on MPSC student protests in Pune.
cancel
camera_alt

ബോംബെ ഹൈകോടതി


മുംബൈ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എം.പി.എസ്.സി) പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾ സാമൂഹിക വിരുദ്ധരല്ലെന്നും പരാതികളിൽ പ്രതിഷേധിക്കാൻ അവർക്ക് പൂർണ അവകാശമുണ്ടെന്നും ബോംബെ ഹൈകോടതി. റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നീതിപൂർവകമായും സുതാര്യമായും നടത്താൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരീക്ഷാ സമ്പ്രദായത്തിൽ വിദ്യർഥികൾക്കും പൊതുജനങ്ങൾക്കും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പുണെയിൽ ഉദ്യോഗാർത്ഥികളും വിവിധ സംഘടനകളും നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിനെതിരെ പ്രദേശവാസികളായ അമിത് സുപേക്കർ, സൗരഭ് വീർക്കർ എന്നിവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.

ചെയർമാന്റെ രാജി ഗവർണറുടെ പരിഗണനയിൽ; റോഡ്മാപ്പ് സമർപ്പിക്കാൻ നിർദ്ദേശം

പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്ന സംസ്ഥാന സർക്കാർ നിലപാടിനെ കോടതി പ്രശംസിച്ചു. സർക്കാർ അതീവ സംയമനം പാലിച്ചിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ ഭൂരിഭാഗം ആവശ്യങ്ങളും ഇതിനകം പരിഹരിച്ചിട്ടുണ്ടെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ മിലിന്ദ് സാഥെ കോടതിയെ അറിയിച്ചു. എം.പി.എസ്.സി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഉന്നയിച്ച പരാതിയിൽ ശുപാർശ ഗവർണർക്ക് കൈമാറിയിട്ടുണ്ടെന്നും രാജ്ഭവന്റെ തുടർനടപടികൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി കോടതിയിലാണ് കേസുള്ളതെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച് വിദ്യാർഥികൾ പഠനത്തിലേക്ക് മടങ്ങണമെന്നും ഹൈക്കോടതി അഭ്യർത്ഥിച്ചു:

"ഈ കുട്ടികൾ നിഷ്കളങ്കരാണ്, എന്നാൽ ഇപ്പോൾ അവർ തെരുവിലാണ്. പഠനം മുടങ്ങിയാൽ അവരുടെ ഭാവിയും കരിയറും തകരും. സ്വന്തം കുടുംബങ്ങളെ ഓർത്ത് അവർ കലാലയങ്ങളിലേക്ക് മടങ്ങണം," ചീഫ് ജസ്റ്റിസ് പറഞ്ഞു. അതോടൊപ്പം പുണെയിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലാകണം പ്രതിഷേധങ്ങളെന്നും കോടതി ഓർമിപ്പിച്ചു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ സമഗ്രമായ കർമപദ്ധതി തയ്യാറാക്കി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയ കോടതി, കേസ് നവംബർ 25-ലേക്ക് മാറ്റി.

ഹരജിയിൽ എതിർകക്ഷികളായ സമര നേതാക്കളിൽ ഒരാൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറുകയാണെന്ന് കോടതിയെ അറിയിച്ചു. മറ്റ് രണ്ട് നേതാക്കളായ പ്രമോദ് പാട്ടീൽ, നിതിൻ ആന്ധലെ എന്നിവർ ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന പ്രത്യേക സമരവേദിയിലേക്ക് സമരം മാറ്റാൻ തയ്യാറാണെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protesting Students Not Anti-Social Elements, Have Right to Agitate: Bombay HC on MPSC Row
Next Story