Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാറ്റ സൺസ് ബോർഡ് യോഗം തടയാനാവില്ല; ടാറ്റ ട്രസ്റ്റുകളുടെ ഹരജി തള്ളി ബോംബെ ഹൈകോടതി

text_fields
bookmark_border
N. Chandrasekaran, Noel Tata
cancel
camera_alt

എൻ. ചന്ദ്രശേഖരൻ, നോയൽ ടാറ്റ

ന്യൂഡൽഹി: നവംബർ 30ന് നിശ്ചയിച്ച ടാറ്റ സൺസ് ബോർഡ് യോഗം തടയണമെന്ന ടാറ്റ ട്രസ്റ്റുകളുടെ ആവശ്യം ബോംബെ ഹൈകോടതി തള്ളി. യോഗം നിശ്ചയിച്ച പ്രകാരം നടക്കട്ടെയെന്നും നിലവിൽ ഇടക്കാല ആശ്വാസം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കോടതിയുടെ തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു.

എൻ. ചന്ദ്രശേഖരനെ ടാറ്റ സൺസ് ചെയർമാനായി വീണ്ടും നിയമിച്ചതിനെ ചോദ്യം ചെയ്താണ് ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിൽ കൂടുതൽ ഓഹരികളുള്ള ടാറ്റ ട്രസ്റ്റുകൾ ബോംബെ ഹൈകോടതിയെ സമീപിച്ചത്. പുനർനിയമനത്തിനെതിരായ തർക്കം കോടതിയുടെ പരിഗണനയിലിരിക്കെ, നവംബർ 30ലെ ബോർഡ് യോഗം മാറ്റിവക്കണമെന്നായിരുന്നു ട്രസ്റ്റുകളുടെ ആവശ്യം.

ടാറ്റ സൺസിലെ ഏറ്റവും വലിയ ഓഹരി ഉടമകളാണ് ടാറ്റ ട്രസ്റ്റുകൾ. എൻ. ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കുന്നതിന് ബോർഡിലെ തങ്ങളുടെ രണ്ട് നോമിനി ഡയറക്ടർമാരുടെയും സമ്മതം ആവശ്യമാണെന്നാണ് ട്രസ്റ്റുകളുടെ വാദം. ഈ ഡയറക്ടർമാരിൽ ഒരാൾ ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായ നോയൽ ടാറ്റയാണ്. ടാറ്റ സൺസിന്റെ ആഭ്യന്തര ഭരണചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രസ്റ്റുകൾ പുനർനിയമനത്തെ ചോദ്യം ചെയ്യുന്നത്.

തങ്ങളുടെ ഈ അവകാശങ്ങൾ പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണെന്നും ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതാണെന്നും ടാറ്റ ട്രസ്റ്റുകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്വി കോടതിയിൽ വാദിച്ചു. ഈ അവകാശങ്ങൾ അടുത്തിടെ രൂപപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിലാണ് നോയൽ ടാറ്റയുടെ എതിർപ്പ് അവഗണിച്ച് എൻ. ചന്ദ്രശേഖരനെ ടാറ്റ സൺസ് ചെയർമാനായി വീണ്ടും നിയമിച്ചത്. ജാഗ്വാർ ലാൻഡ് റോവർ, ടെറ്റ്‌ലി ടീ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമയായ ടാറ്റ സൺസിന്റെ ഭരണവുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോൾ കോടതിയിലെത്തിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ഏഴ് ചാരിറ്റബിൾ ട്രസ്റ്റുകളിൽ രണ്ടെണ്ണമാണ് ചന്ദ്രശേഖരന്റെ പുനർനിയമനത്തെ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Bombay HC Rejects Tata Trusts' Plea to Stop Tata Sons Board Meeting
Next Story