സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണം: സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈകോടതി
text_fieldsദിഷാ സാലിയൻ, സുശാന്ത് സിങ് രജ്പുത്ത്
മുംബൈ: സിനിമാതാരം സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജർ ആയിരുന്ന ദിഷ സാലിയന്റെ മരണത്തിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ബോംബെ ഹൈകോടതി ഉത്തരവിട്ടു. കേസിൽ ദിഷയുടെ പിതാവ് സതീഷ് സാലിയന്റെ മൊഴി രേഖപ്പെടുത്താനും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും ജസ്റ്റിസുമാരായ സാരംഗ് വി കൊട്വാൾ, രഞ്ജിത് സിൻഹ ആർ ഭോസ്ലെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിക്കുന്നത് വരെ ആരെയും മുൻകൂട്ടി പ്രതിയായി മുദ്രകുത്തരുത് എന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർ ശേഖരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ സംശയത്തിന് വകയുണ്ടെങ്കിൽ മാത്രമേ ഒരാളെ പ്രതിയാക്കാൻ പാടുള്ളൂ. മുംബൈ മാൽവണി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് കേറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വസ്തുക്കളും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാൻ ഹൈകോടതി നിർദേശിച്ചു.
കുറ്റം തെളിഞ്ഞാൽ കോടതയിൽ ഉചിതമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും, കുറ്റമൊന്നും കണ്ടെത്തിയില്ലെങ്കിൽ അതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ആ റിപ്പോർട്ട് ചോദ്യം ചെയ്തുകൊണ്ട് പരാതിക്കാരനായ പിതാവിന് പ്രൊട്ടസ്റ്റ് പെറ്റിഷൻ ഫയൽ ചെയ്യാൻ അവകാശമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
നടൻ സുശാന്ത് സിംഗ് രജ്പുത് മരിക്കുന്നതിന് ആറ് ദിവസം മുമ്പ്, 2020 ജൂൺ 8നാണ് മുംബൈയിലെ മലാഡിലുള്ള ഒരു ഫ്ലാറ്റിൽ നിന്ന് വീണ് ദിഷാ സാലിയൻ മരിച്ചത്. ആദ്യം ആത്മഹത്യയാണെന്ന് വിധിയെഴുതിയ കേസിൽ പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളും സംശയങ്ങളും ഉയർന്നു വന്നിരുന്നു.
മകളുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ രാഷ്ട്രീയ നേതാക്കൾ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് കാണിച്ച് 2022ൽ പിതാവ് സതീഷ് സാലിയൻ രംഗത്തെത്തിയിരുന്നു. തുടർന്ന് 2025ൽ മകളുടെ മരണാന്വേഷണത്തിൽ ദുരൂഹതയുണ്ടെന്നും അത് മൂടിവെക്കാൻ ശ്രമം നടന്നുവെന്നും ആരോപിച്ച് അദ്ദേഹം ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിക്കുകയായിരുന്നു.
ദിഷയുടേത് ആത്മഹത്യയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസും പ്രത്യേക അന്വേഷണ സംഘവും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ദിഷയുടെ പിതാവ് സംശയം പ്രകടിപ്പിച്ചിട്ടും എന്തുകൊണ്ട് മുംബൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല എന്ന് കോടതി മുൻപ് ചോദ്യം ചെയ്തിരുന്നു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ എങ്ങനെയാണ് പൊലീസ് സി.ആർ.പി.സി സെക്ഷൻ 174 പ്രകാരം മാത്രം അന്വേഷണം നടത്തിയതെന്നും ഹൈകോടതി ബെഞ്ച് കഴിഞ്ഞ മാസം ആഗസ്റ്റ് 28ലെ വാദത്തിനിടയിൽ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

