ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും അനുകൂലമായ മുദ്രാവാക്യം; മുൻ ടിസ്സ് വിദ്യാർഥിക്ക് കോടതിയുടെ ഇടക്കാല ആശ്വാസം
text_fieldsബോംബൈ ഹൈകോടതി
മുംബൈ: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) കാമ്പസിൽ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കുകയും ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന കേസിൽ മുൻ വിദ്യാർഥിക്ക് ബോംബൈ ഹൈകോടതിയുടെ ഇടക്കാല ആശ്വാസം. മുൻ ടിസ്സ് വിദ്യാർത്ഥിയായ കാമാഖ്യ ദാസിനാണ് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിക്കൊണ്ട് ജസ്റ്റിസ് പ്രഫുല്ല ഖുബാൽക്കർ ഉത്തരവിട്ടത്.
വിദ്യാർഥിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അന്വേഷണ സംഘം ഇതിനകം പിടിച്ചെടുത്തിട്ടുള്ളതിനാൽ, നിലവിൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് മുൻകൂർ ജാമ്യഹരജി പരിഗണിച്ച കോടതി ആഗസ്റ്റ് 31 വരെ അറസ്റ്റ് തടഞ്ഞത്. ആഗസ്റ്റ് 19, 24 തീയതികളിൽ രാവിലെ 10-നും ഉച്ചയ്ക്ക് 2-നും ഇടയിലും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോഴും ട്രോംബെ പോലീസ് സ്റ്റേഷനിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബയുടെ അനുസ്മരണാർത്ഥം 2025 ഒക്ടോബർ 12-ന് ടിസ്സ് കാമ്പസിൽ മെഴുകുതിരി കത്തിക്കുകയും വിപ്ലവ കവിതകൾ ആലപിക്കുകയും യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ടിസ്സ് രജിസ്ട്രാറുടെ പരാതിയിൽ ട്രോംബെ പോലീസാണ് ഒമ്പത് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കാമാഖ്യ ദാസ് ഹൈകോടതിയെ സമീപിച്ചത്.
കേസിൽ പ്രതിചേർക്കപ്പെട്ട ഒമ്പത് പേരിൽ ഏഴ് പേർക്ക് സെഷൻസ് കോടതി നേരത്തെ തന്നെ മുൻകൂർ ജാമ്യം നൽകിയിട്ടുണ്ടെന്നും ദാസ് ഇതുവരെ അഞ്ച് തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ടെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി വാദിച്ചു. എന്നാൽ, പ്രതിയുടെ ഉപകരണങ്ങളിൽ നിന്ന് രാജ്യവിരുദ്ധതയും നിരോധിത സംഘടനകളുടെ ആശയങ്ങളും പ്രചരിപ്പിക്കുന്ന രേഖകൾ കണ്ടെത്തിയതായും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ശിശിർ ഹിരെ ജാമ്യാപേക്ഷയെ എതിർത്തു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 31 വരെ കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

