കേന്ദ്ര ഏജൻസികൾ നിയമങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കണം; ഇ.ഡിക്ക് പിഴ ചുമത്തി ബോംബെ ഹൈകോടതി
text_fieldsബോംബെ ഹൈകോടതി
മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റി(ഇ.ഡി.) നെതിരേ പിഴ ചുമത്തി ബോംബെ ഹൈകോടതി. റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചതിനാണ് ബോംബെ ഹൈകോടതി ഇ.ഡിക്കെതിരെ ഒരുലക്ഷം രൂപ പിഴ ചുമത്തിയത്. ചൊവ്വാഴ്ചയാണ് കോടതി പിഴ ചുമത്തിയത്. കേന്ദ്ര ഏജൻസികൾ നിയമങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ ജനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഏജൻസികൾ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
രാകേഷ് ജയിന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ പ്രത്യേക കോടതി സ്വീകരിച്ച നടപടി ഹൈകോടതി റദ്ദാക്കി. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് ജാദവ് ചൂണ്ടിക്കാട്ടി.
രാജേഷ് ജയിനുമായി ഭൂമിയിടപാട് നടത്തിയ ഒരു വ്യക്തി കരാര്‍ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. ജയിനിനെതിരെ കേസെടുത്തിരുന്നില്ലെന്നും അതിനാൽ ജയിനിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് ജാദവ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
പരാതിക്കാരന്റെ പ്രവൃത്തിയും കുറ്റാരോപിതനെതിരെയുള്ള ഇ.ഡിയുടെ നടപടിയും വിശ്വാസയോഗ്യമല്ലെന്ന കാര്യം വ്യക്തമാണെന്നും അതിനാല്‍ പിഴ ചുമത്തുകയാണെന്നും കോടതി പറഞ്ഞു. നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും നിയമം കയ്യിലെടുത്ത് പാവപ്പെട്ട ജനങ്ങളെ ഉപദ്രവിക്കരുതെന്നും കേന്ദ്ര ഏജൻസികൾ ഇത് ഇപ്പോഴും ഓർത്തിരിക്കാനാണ് പിഴ ചുമത്തുന്നതെന്നും കോടതി പറഞ്ഞു. പിഴത്തുകയായ ഒരുലക്ഷം രൂപ ഇ.ഡി. നാലാഴ്ചയ്ക്കകം ഹൈകോടതി ലൈബ്രറിയിലേക്ക് നൽകണം. അതേസമയം ജയിനിനെതിരെ പരാതി നൽകിയ വ്യക്തിക്കെതിരെയും കോടതി ഒരുലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

