ഭാര്യയെ നിറത്തിന്‍റെ പേരിൽ പരിഹസിക്കുന്നത് ആത്മഹത്യ പ്രേരണയല്ല; 30 വർഷത്തിന് ശേഷം യുവാവിനെ ജയിൽ മോചിതനാക്കി ബോംബൈ ഹൈകോടതി
text_fieldsമുംബൈ: നിറത്തിന്‍റെ പേരിൽ ഭാര്യയെ പരിഹസിക്കുന്നത് ആത്മഹത്യ പ്രേരണയല്ലെന്ന് ബോംബൈ ഹൈകോടതി. ഭാര്യയുടെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന യുവാവിനെ കോടതി ജയിൽ മോചിതനാക്കി. കഴിഞ്ഞ 30 വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു. 1998-ൽ സത്താറ ജില്ലയിൽ നിന്നുള്ള സദാശിവ് രൂപ്‌നാവർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്.എം. മോദക് ഈ വിധി പ്രസ്താവിച്ചത്.
1995 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 22 വയസ് പ്രായം വരുന്ന പ്രേമ എന്ന യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർത്താവും ഭർതൃ വീട്ടുകാരും പ്രേമയെ ഉപദ്രവിച്ചതായി യുവതിയുടെ വീട്ടുകാരുടെ ആരോപണത്തെ തുടർന്ന് ഭർത്താവ് സദാശിവ് രൂപ്‌നാവർ, ഭർതൃപിതാവ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498 എ (വിവാഹിതയായ സ്ത്രീയോടുള്ള ക്രൂരത), 306 (ആത്മഹത്യ പ്രേരണ) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്ക് സത്താറയിലെ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച് ഭർത്താവ് യുവതിയെ നിറത്തിന്റെ പേരിൽ പരിഹസിക്കുകയും യുവതിയെ ഇഷ്ടമല്ലെന്ന് പറയുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭർതൃപിതാവ് യുവതിയുടെ പാചകത്തെ വിമർശിക്കുകയും തയാറാക്കിയ ഭക്ഷണത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
എന്നാൽ കുടുംബ കലഹങ്ങൾ, പാചകത്തെക്കുറിച്ചുള്ള വിമർശനങ്ങൾ, എന്നിവ നിയമപ്രകാരം ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്ന് കോടതി വിധിച്ചു. 'അവയെ ദാമ്പത്യ ജീവിതത്തിൽ നിന്ന് ഉടലെടുക്കുന്ന വഴക്കുകളാണെന്ന് പറയാം. അവ ഗാർഹിക കലഹങ്ങളാണ്. സ്ത്രീയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഉയർന്ന തോതിൽ ഇത് സംഭവിക്കുമെന്ന് പറയാനാവില്ല. അതിനാൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 498 എ പ്രകാരമുള്ള ഒരു കുറ്റകൃത്യം കണ്ടെത്താനാവില്ല'- ബെഞ്ച് പറഞ്ഞു.
കുടുംബത്തിനുള്ളിൽ പിരിമുറുക്കവും അഭിപ്രായവ്യത്യാസങ്ങളും ഉള്ളതായി തെളിവുകൾ ഉണ്ടെങ്കിലും ക്രൂരതയോ ആത്മഹത്യ പ്രേരണയോ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആരോപിക്കപ്പെട്ട പീഡനവും സ്ത്രീയുടെ ആത്മഹത്യയും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിചാരണ കോടതി അടിസ്ഥാന നിയമ തത്വങ്ങൾ അവഗണിച്ചുവെന്ന് വിധിച്ചു. തുടർന്ന് ഹൈകോടതി ശിക്ഷ റദ്ദാക്കി അപ്പീൽക്കാരനെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

