വീടിനുനേരെ ബോംബാക്രമണം: മണിപ്പൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു
text_fieldsഇംഫാൽ: മണിപ്പൂരിൽ വീടിനുനേരെയുണ്ടായ ബോംബേറിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാങ് ട്രോങ്‌ലാവോബിയിലെ ഒരു സിവിലിയൻ വസതിക്കുനേരെയാണ് പുലർച്ചക്ക് ബോംബാക്രമണം ഉണ്ടായത്. അഞ്ച് വയസ്സുകാരനും ആറുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ മാതാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുന്നിൻ പ്രദേശമായ ചുരാചന്ദ്പൂരിനോട് ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശമായ ഇവിടെ നേരത്തെയും സമാനമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ ആക്രമണം തികച്ചും മനുഷ്യത്വരഹിതമാണെന്ന് ടി.എച്ച്. ശാന്തി സിങ് എം.എൽ.എ ശക്തമായി അപലപിച്ചുപറഞ്ഞു. കുക്കി സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും നിരപരാധികളായ സാധാരണക്കാർക്കും കുട്ടികൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023 മുതൽ മണിപ്പൂരിൽ നിലനിൽക്കുന്ന വംശീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് മേഖലയിൽ സുരക്ഷ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

