ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളജിൽ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു
text_fieldsrepresentation image
ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളജിനും ദ്വാരകയിലെ സെന്റ് തോമസ് സ്കൂളിനും ചൊവ്വാഴ്ച രാവിലെ ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു.
ഇ-മെയിൽ ഭീഷണി ലഭിച്ചതിനെത്തുടർന്ന്, മുൻകരുതൽ എന്ന നിലയിൽ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെ ഉടൻ ഒഴിപ്പിച്ചു.
ദ്വാരകയിലെ സെന്റ് തോമസ് സ്കൂളിനും ഡൽഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി ഡൽഹി അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഡൽഹി പൊലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർ ഡിപ്പാർട്ട്മെന്റ് ടീം, സ്പെഷൽ സ്റ്റാഫ് എന്നിവയുൾപ്പെടെയുള്ള അടിയന്തര സേവനങ്ങളെ ഉടൻ തന്നെ രണ്ട് സ്ഥലങ്ങളിലേക്കും വിന്യസിച്ചു. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി എല്ലാവിധ മുൻകരുതലും സ്വീകരിച്ചു.
ഇതുവരെ ഭീഷണി മെയിൽ ലഭിച്ച രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല, അന്വേഷണം തുടരുകയാണ്.
അമൃത്സറിലെ സുവർണ ക്ഷേത്രത്തിനും സമാന ഭീഷണി ഇ-മെയിൽ ലഭിച്ചതിന്റെ ഒരു ദിവസത്തിനു ശേഷമാണ് ഡൽഹിയിലെ സ്കൂളിനും കോളജിനും നേരെ ബോംബ് ഭീഷണി വന്നത്. ദർബാർ സാഹിബ് എന്നും അറിയപ്പെടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ലങ്കർ ഹാൾ (സമൂഹ അടുക്കള ) പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തി സിഖുകാരുടെ പരമോന്നത മത ഭരണസമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

