ലോക്സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് നടി നേഹ ശർമ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കും
text_fieldsഡൽഹി: ബോളിവുഡ് താരം നേഹ ശർമ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന നൽകി താരത്തിന്റെ പിതാവും ബിഹാർ എം.എൽ.എയുമായ അജയ് ശർമ. സഖ്യ കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചയിൽ ഭഗൽപൂർ മണ്ഡലം കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകളെ സ്ഥാനാർഥിയായി നാമനിർദേശം ചെയ്യുമെന്ന് അജയ് ശർമ മാധ്യമങ്ങളോട് പറഞ്ഞു.
''ഭഗൽപൂർ മണ്ഡലം കോൺഗ്രസിന് ലഭിക്കണം. ഞങ്ങൾ മത്സരിച്ച് സീറ്റ് നേടും. ഭഗൽപൂർ മണ്ഡലം കോൺഗ്രസിന് ലഭിച്ചാൽ എന്റെ മകൾ നേഹ ശർമയെ ആ സീറ്റിലേക്ക് ഞാൻ നാമനിർദേശം ചെയ്യും. ഇനി പാർട്ടി എന്നോട് മത്സരിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ അതിനും തയ്യാറാണ്.'' -അജയ് ശർമ്മ പറഞ്ഞു.
ബി.ജെ.പിയെ ഇന്ത്യ സഖ്യം ബിഹാറിൽ നിന്ന് തുടച്ച് നീക്കുമെന്നും നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഉത്തരവാദിത്വം ഈ തവണ ബിഹാർ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക.
ഇമ്രാൻ ഹാഷ്മിയുടെ നായികയായി ക്രൂക്ക്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നേഹ ശർമ പിന്നീട് 'തൻഹാജി: ദി അൺസങ് വാരിയർ', 'യംല പഗ്ല ദീവാന 2', 'തും ബിൻ 2', 'മുബാറകൻ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

