ബൊഫോഴ്സ് അഴിമതിക്കേസ്: നിർണായക വിവരങ്ങൾക്കായി യു.എസിനെ സമീപിച്ച് സി.ബി.ഐ
text_fieldsന്യൂഡൽഹി: ബൊഫോഴ്സ് ആയുധ കരാർ അഴിമതി കേസിൽ നിർണായക വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ യു.എസിനെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിലെ പ്രത്യേക കോടതി കേസുമായി ബന്ധപ്പെട്ട് ലെറ്റർ റോഗട്ടറി പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്തുനിന്ന് വിവരം തേടാനായാണ് ലെറ്റർ റോഗട്ടറി ഇറക്കുന്നത്. ഇത് അമേരിക്കയിലെ നിയമവകുപ്പിന് കഴിഞ്ഞ ദിവസം സി.ബി.ഐ കൈമാറി.
40 വർഷം മുമ്പ് നടന്ന ബൊഫോഴ്സ് ഇടപാടിനെക്കുറിച്ച് അറിയാമെന്ന് അമേരിക്കൻ സ്വകാര്യ ഡിറ്റക്ടീവ് സ്ഥാപനമായ ഫെയർ ഫാക്ട്സിന്‍റെ മേധാവി മൈക്കൽ ഹെർഷ്മാൻ നേരത്തെ പറഞ്ഞിരുന്നു. സി.ബി.ഐ നടത്തുന്ന അന്വേഷണവുമായി സഹകരിക്കാൻ താൻ തയാറാണെന്നും ഹെർഷ്മാൻ വ്യക്തമാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഏജൻസിയുടെ നീക്കം. ഇതിന്‍റെ വിശദാംശങ്ങൾ കൈമാറാൻ തയാറാകണമെന്ന് ലെറ്റർ റോഗട്ടറിയിൽ ആവശ്യപ്പെടുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്ന ബൊഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട് പല കോൺഗ്രസ് നേതാക്കളും കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് ആരോപണം. സൈന്യത്തിന് നൽകാനായി 400 155 എം.എം ഹോവിറ്റ്സർ ഗൺ വാങ്ങാനായി സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ എ.ബി ബൊഫോഴ്സുമായി 1,437 കോടി രൂപയുടെ കരാറിൽ 1986 മാർച്ചിലാണ് ഇന്ത്യ ഒപ്പുവെച്ചത്.
തൊട്ടടുത്ത വർഷം ഏപ്രിലിൽ സ്വീഡിഷ് റേഡിയോ ചാനലാണ് കമ്പനി ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് ഉൾപ്പെടെ കോഴ നൽകി കരാർ സ്വന്തമാക്കിയെന്ന ആരോപണവുമായി രംഗത്തുവന്നത്. ഗാന്ധി കുടുംബവുമായി ബന്ധമുള്ള വിദേശ വ്യവസായികൾക്കുൾപ്പെടെ പണം ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്. 64 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

