ന്യൂഡൽഹി: രാഷ്ട്രീയ പ്രാധാന്യമുള്ള ബോഫോഴ്സ് കേസ് കേൾക്കുന്നതിൽനിന്ന് സുപ്രീംകോടതിയിലെ ജസ്റ്റിസ് എ.എം. ഖാൻവിൽകർ പിന്മാറി. കേന്ദ്ര സർക്കാറിന് പ്രത്യേക താൽപര്യമുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിശ്വസ്തർക്ക് നൽകുന്നുവെന്ന ആരോപണത്തിനിരയായ കേസാണിത്.
2005ൽ ബോഫോഴ്സ് കേസിലെ എല്ലാവരെയും കുറ്റവിക്തരാക്കി ഡൽഹി ഹെകോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് ബി.ജെ.പി നേതാവ് അജയ് അഗർവാൾ സമർപ്പിച്ച ഹരജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നയിക്കുന്ന ബെഞ്ചിൽനിന്ന് കാരണം പറയാതെയാണ് ജസ്റ്റിസ് ഖാൻവിൽകറുടെ പിന്മാറ്റം. പുതിയ ബെഞ്ച് കേസിൽ മാർച്ച് 28ന് വാദം കേൾക്കുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കൂടി ഉൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര സർക്കാറിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും ഒരുപോലെ പ്രിയപ്പെട്ട ജസ്റ്റിസ് എം.എം. ഖാൻവിൽകറിനെ ചീഫ് ജസ്റ്റിസുകൂടി ആരോപണവിധേയനായ കോളിളക്കം സൃഷ്ടിച്ച മെഡിക്കൽ കോളജ് കോഴക്കേസ് കേട്ട ബെഞ്ചിലും ഉൾെപ്പടുത്തിയിരുന്നു. ജസ്റ്റിസ് അരുൺമിശ്രകൂടി ഉൾപ്പെട്ട ബെഞ്ചാണ് അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് അന്ന് ചീഫ് ജസ്റ്റിസിനെതിരായ ആേരാപണവും കേസും തള്ളിയത്. അതിനുശേഷമാണ് നാല് ജഡ്ജിമാർ, ചീഫ് ജസ്റ്റിസ് തന്നിഷ്ടപ്രകാരം കേസുകൾ വീതംവെക്കുന്നതിനെതിരെ വാർത്തസമ്മേളനം നടത്തിയത്.