യു.കെ സ്വദേശിയായ 75കാരനെ വിവാഹം കഴിക്കാൻ പഞ്ചാബിലേക്കു തിരിച്ച 67കാരിയുടെ മൃതദേഹം അഴുക്കുചാലിൽ
text_fieldsന്യൂഡൽഹി: യു.കെയിൽ താമസിക്കുന്ന എൻ.ആർ.ഐ പുരുഷനെ വിവാഹം കഴിക്കാൻ യു.എസിൽ നിന്ന് പഞ്ചാബിലേക്കു തിരിച്ച 67 വയസ്സുള്ള ഇന്ത്യക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. രൂപീന്ദർ കൗർ പാന്ഥറിന്റെ തിരോധാനത്തിൽ ലുധിയാന പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അവരുടെ ഭാവി ഭർത്താവ് ചരൺജിത് സിങ് ഗ്രെവാൾ ഉൾപ്പെടെയുള്ള പ്രതികളെ പേരിൽ കേസ് എടുക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്.
ലുധിയാനക്കടുത്തുള്ള ഘുഗ്രാന ഗ്രാമത്തിലെ ഒരു അഴുക്കുചാലിൽ നിന്ന് രൂപീന്ദർ പാന്ഥറിന്റെ മൃതദേഹാവശിഷ്ടങ്ങളും കേടായ ഐ ഫോണും കണ്ടെടുത്തു. ഗ്രേവാളിന്റെ നിർദേശപ്രകാരം 50 ലക്ഷം രൂപക്ക് പാന്ഥറിനെ കൊലപ്പെടുത്താൻ സമ്മതിച്ചതിനാൽ ലുധിയാന നിവാസിയായ സുഖ്ജീത് സിങ് സോനു എന്നയാൾ അറസ്റ്റിലായി. സാമ്പത്തിക കാരണമാണ് കൊലയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
സിയാറ്റിലിൽ താമസിക്കുന്ന അമേരിക്കൻ പൗരയായ പാന്ഥർ, ലുധിയാനയിൽ നിന്നുള്ള 75 വയസ്സുള്ള ഗ്രേവാളിന്റെ ക്ഷണപ്രകാരം വിവാഹത്തിനായി കഴിഞ്ഞ ജലൈയിൽ സംസ്ഥാനത്ത് എത്തിയതായിരുന്നു. ആ മാസം തന്നെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 24ന് പാന്ഥറിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയതിനെ തുടർന്ന് ഇരയുടെ സഹോദരി കമൽ കൗർ ഖൈറ സംശയം പ്രകടിപ്പിച്ചതായി പൊലീസ് പറഞ്ഞു. നാലു ദിവസത്തിന് ശേഷം അവർ ഡൽഹിയിലെ യു.എസ് എംബസിയിൽ വിവരമറിയിച്ചു. തുടർന്ന് ലുധിയാനയിലെ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
2014 ലെ ആം ആദ്മി പാർട്ടി പ്രചാരണത്തിനിടെയാണ് ഗ്രേവലും സോനുവും കണ്ടുമുട്ടിയതെന്നാണ് വിവരം. പിന്നീട്, ഒരു സ്വത്ത് തർക്കത്തിൽ രൂപീന്ദർ പാന്ഥറിനെ സഹായിക്കാൻ ഗ്രേവാൾ സോനുവിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനായി സോനുവിനെ ലുധിയാനയിൽ സന്ദർശിക്കുമ്പോൾ രൂപീന്ദർ പാന്ഥർ പലപ്പോഴും സോനുവിന്റെ വീട്ടിൽ താമസിച്ചിരുന്നു. കൂടാതെ ഇയാളെ തന്റെ പവർ ഓഫ് അറ്റോർണി ആക്കുകയും ചെയ്തു.
കില റായ്പൂരിലെ കോടതി സമുച്ചയത്തിൽ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്ന സോനു, ജൂലൈ 12ന് തന്റെ വീട്ടിൽ വെച്ച് പാന്ഥറിനെ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയതായി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ശേഷം മൃതദേഹം കത്തിച്ച് നാല് ചാക്കുകളിലാക്കി ഓടയിലേക്ക് വലിച്ചെറിഞ്ഞു.
ലുധിയാനയിൽ എത്തുന്നതിന് മുമ്പ് രൂപീന്ദർ പാന്ഥർ ഭാവി വരനായ ഗ്രേവാളിന് വലിയൊരു തുക കൈമാറിയിരുന്നു. പണം കൈമാറിയതിനുശേഷം വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ, 50 ലക്ഷം രൂപ നൽകി സോനുവിനെ വശീകരിച്ച് രൂപീന്ദറിനെ കൊല്ലാൻ ആവശ്യപ്പെട്ടു. പറഞ്ഞ തുക സോനുവിന് നൽകിയിട്ടില്ലെന്ന് ലുധിയാന പൊലീസ് പറഞ്ഞു. നിലവിൽ യു.കെയിലുള്ള ചരൺജിത് സിങ് ഗ്രേവാളിനെ എഫ്.ഐ.ആറിൽ പ്രധാന പ്രതിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

