അമൃത്സർ: അബൂദബിയിൽ ജനുവരി 17നുണ്ടായ ഹൂതി ആക്രമണത്തിൽ മരിച്ച പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വിമാനമാർഗം അമൃത്സറിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് സ്വദേശത്തേക്ക് മൃതദേഹങ്ങൾ കൊണ്ടു പോകുമെന്ന് അധികൃതർ അറിയിച്ചു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് യു.എ.ഇ സർക്കാരും അഡ്‌നോക് ഗ്രൂപ്പും നൽകിയ പിന്തുണക്കും പഞ്ചാബ് സർക്കാർ നൽകിയ സഹായങ്ങൾക്കും യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ നന്ദി അറിയിച്ചു.
ജനുവരി 17നാണ് യു.എ.ഇയിലെ വ്യവസായ മേഖലയായ മുസഫയിൽ ഹൂതി ആക്രമണം നടന്നത്. മൂന്ന് പെട്രോളിയം ടാങ്കുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലും അഗ്നിബാധയിലും ഇന്ത്യക്കാരടക്കം മൂന്നു പേർ മരിച്ചിരുന്നു. രണ്ട് പഞ്ചാബ് സ്വദേശികളും ഒരു പാകിസ്താൻ പൗരനുമാണ് മരിച്ചത്. പരിക്കേറ്റ ആറ് പേരിൽ രണ്ട് ഇന്ത്യക്കാരുണ്ട്.
മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റിക്ക് സമീപം ഐകാഡ്-3 മേഖലയിലെ അബൂദബി പെട്രോളിയം കമ്പനിയായ അഡ്നോകിന്റെ സ്റ്റോറേജിന് സമീപമാണ് മൂന്ന് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
ഡ്രോണുകളുമായി ബന്ധപ്പെട്ട പറക്കുന്ന വസ്തു ഈ പ്രദേശങ്ങളിൽ വീണതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.