ബെയ്ജിങ്: ന്യൂഡൽഹി: സൈനിക കമാൻഡർ തല ചർച്ചകളിൽ അയവുള്ള നിലപാട് സ്വീകരിച്ചെങ്കിലും ഫിംഗർ മേഖലയിൽ നിന്ന് പൂർണ പിൻമാറ്റത്തിന് മടിച്ച് ചൈന. ഇന്ത്യയുടെ സമ്മർദം തുടരുേമ്പാഴും ഫിംഗർ മേഖലയിൽ കുറച്ചെങ്കിലും സൈനികസാന്നിധ്യം നിലനിർത്താനാണ് അവരുടെ താൽപര്യം. എന്നാൽ, കിഴക്കൻ ലഡാക്കിലെ ഗൽവാൻ, ഹോട് സ്പ്രിങ്സ്, ഗോഗ്ര പോസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് പൂർണ പിൻമാറ്റത്തിന് ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഫിംഗർ എട്ടിൽ സൈനികസാന്നിധ്യം നിലനിർത്താനാണ് ചൈന ഒരുങ്ങുന്നതെന്ന് ഉന്നതരെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഫിംഗർ ഫോറിൽ നിന്ന് ചൈന എല്ലാ സൈനിക സംവിധാനങ്ങളും മാറ്റിയിട്ടുണ്ട്.
ഏപ്രിൽ-മേയ് സമയത്ത് ഇരു വിഭാഗങ്ങളും നിലയുറപ്പിച്ചിരുന്നത് എവിടെയാണോ അവിടേക്ക് മാറണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ മാസം 14ന് പകൽ 11.30ന് തുടങ്ങിയ കമാൻഡർ തല യോഗം 15ന് പുലർച്ച 2.30നാണ് അവസാനിച്ചത്. ജൂലൈ 21-22വരെ ഇരു സൈനിക മേധാവികളും സൈനിക പിൻമാറ്റം വീക്ഷിക്കും.
കമാൻഡർതല ചർച്ച പുരോഗതി നേടിയതായി ചൈന പ്രതികരിച്ചു. െലഫ്. ജനറൽ ഹരീന്ദർ സിങ് (ലേ ആസ്ഥാനമായ സൈനിക സംഘത്തിെൻറ കമാൻഡർ) ഇന്ത്യൻസംഘത്തെ നയിച്ചു. മേജർ ജനറൽ ലിയു ലിൻ ആയിരുന്നു ചൈനീസ്പക്ഷത്തിെൻറ തലവൻ.
ഇന്ത്യയോട് ചൈനക്ക് ആക്രമണസ്വഭാവം –അമേരിക്ക
വാഷിങ്ടൺ: ഇന്ത്യയോട് വളരെ ആക്രമണ സ്വഭാവത്തോടെയുള്ള പെരുമാറ്റമാണ് ചൈന വെച്ചുപുലർത്തുന്നതെന്ന് അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈനികരെ ക്രൂരമായി ആക്രമിച്ചതും തെക്കൻചൈന കടൽ, ഹോങ്കോങ് വിഷയങ്ങളിലുള്ള അവരുടെ നിലപാടും ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി എങ്ങനെ ചിന്തിക്കുന്നുവെന്നതിെൻറ തെളിവാണ്.
ഇന്ത്യയും ചൈനയും തമ്മിൽ തർക്കമുണ്ട്. പെക്ഷ, ചൈന അവരെന്താണെന്ന് കാണിച്ചു തന്നു. ചൈനീസ് സേന ക്രൂരമായി ഇന്ത്യൻ സൈനികരെ ആക്രമിക്കുകയായിരുന്നു. 20 ഇന്ത്യൻ സൈനികരെ അടിച്ചുകൊന്നു. തെക്കൻ ചൈന കടലിൽ ബ്രൂണെ, മലേഷ്യ, ഫിലിപ്പീൻസ്, തായ്വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, ചൈന 13 ലക്ഷം സ്ക്വയർ മൈൽ തങ്ങളുടെ പരമാധികാരത്തിലാണെന്ന് പ്രഖ്യാപിച്ചു. ചൈന അവിടെ സൈനിക കേന്ദ്രങ്ങളും കൃത്രിമ ദ്വീപുകളും നിർമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ മികച്ച ബന്ധമാണെന്നും ഫോക്സ് ന്യൂസ് റേഡിയോയുമായുള്ള അഭിമുഖത്തിൽ ഒബ്രിയൻ പറഞ്ഞു.