ഹൈകോടതി വിരട്ടി; കർണാടക ആർ.ടി.സി പണിമുടക്ക് പിൻവലിച്ചു
text_fieldsബംഗളൂരു: ഇടക്കാല ഉത്തരവ് നിലനിൽക്കെ കർണാടക എസ്.ആർ.ടി.സി ജീവനക്കാർ ചൊവ്വാഴ്ച ആരംഭിച്ച അനിശ്ചിതകാല ഗതാഗത പണിമുടക്കിനെ കർണാടക ഹൈകോടതി രൂക്ഷമായി വിമർശിച്ചു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ വ്യാഴാഴ്ച വരെ സമരം നിർത്തിവച്ചതായി പ്രഖ്യാപിച്ചു.
അവശ്യ സേവന പരിപാലന നിയമം (എസ്മ ചുമത്തുകയും പ്രക്ഷോഭവുമായി മുന്നോട്ട് പോകരുതെന്ന കോടതി നിർദ്ദേശം നിലനിൽക്കുകയും ചെയ്തിട്ടും സമരം നടത്തുന്നതിനെതിരെ ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സമരം തുടരുന്നത് അനുവദിക്കില്ലെന്നും യൂനിയൻ നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
പണിമുടക്ക് തടഞ്ഞുകൊണ്ടുള്ള മുൻ ഇടക്കാല ഉത്തരവ് കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായും പണിമുടക്ക് പിൻവലിച്ചതായി സ്ഥിരീകരിച്ച് ബുധനാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ യൂണിയനുകളോട് നിർദേശിച്ചതായും കോടതി അറിയിച്ചു. വ്യാഴാഴ്ച വരെ സമരം താൽക്കാലികമായി നിർത്തിവച്ചതായും ജീവനക്കാർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയതായും കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എച്ച്.വി. അനന്ത സുബ്ബറാവു ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാദം കേൾക്കുന്നതിനിടെ പണിമുടക്ക് പൊതുജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. അനുരഞ്ജന ശ്രമങ്ങളെക്കുറിച്ചുള്ള ബെഞ്ചിന്റെ ചോദ്യത്തിന് മറുപടിയായി, സർക്കാരുമായുള്ള മുൻ ചർച്ചകളുടെ വിശദാംശങ്ങൾ സമർപ്പിച്ചു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് കോടതി നിരീക്ഷിച്ചു.
എസ്മ നടപ്പിലാക്കിയതിനുശേഷവും പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നാല് സംസ്ഥാന ഗതാഗത കോർപറേഷനുകളിലെയും യൂണിയനുകൾക്ക് കോടതി നോട്ടീസ് അയച്ചു. ബുധനാഴ്ച സമരം തുടരില്ലെന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ അഭിഭാഷകൻ കോടതിയിൽ ഉറപ്പ് നൽകി. സമരം പുനരാരംഭിച്ചാൽ എസ്മ പ്രകാരം ഉചിതമായ നിയമനടപടി സ്വീകരിക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

