കാഴ്ച മങ്ങി; ചികിത്സക്ക് ജാമ്യം തേടി ഹാനി ബാബു ഹൈകോടതിയിൽ
text_fieldsമുംബൈ: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡൽഹി സർവകലാശാല പ്രഫ. ഹാനി ബാബു സ്വന്തം ചെലവിൽ ചികിത്സക്ക് വിധേയമാകാൻ ജാമ്യം തേടി ബോംബെ ഹൈകോടതിയിൽ.തിമിര ശസ്ത്രക്രിയക്കും സന്ധിവേദന, വയറുവേദന എന്നിവക്കുള്ള ചികിത്സക്കുമായി ജാമ്യം നൽകണമെന്നാണ് ആവശ്യം. ഹരജി ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, പി.ഡി. നായിക് എന്നിവരുടെ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ജയിലിൽ വീണത് മുതൽ കാലിലെ വേദന ശക്തമാണെന്നും കാഴ്ച മങ്ങിയെന്നും വയറുവേദന അസഹ്യമാണെന്നുമാണ് ഹാനിയുടെ അപേക്ഷയിൽ പറയുന്നത്. നേരത്തേ മൂന്നു തവണ എൻ.ഐ.എ കോടതിയെ സമീപിച്ചു. ചികിത്സ ലഭ്യമാക്കാൻ കോടതി നിർദേശിച്ചിട്ടും ജയിൽ അധികൃതർ അത് പാലിച്ചില്ല. ഒരിക്കൽ കോടതി ഉത്തരവിനെ തുടർന്ന് ജെ.ജെ. മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും കാഴ്ചയുമായി ബന്ധപ്പെട്ട് ആശുപത്രി നിർദേശിച്ച തുടർ പരിശോധനകളും ശസ്ത്രക്രിയയും നടത്തിയില്ലെന്ന് ഹാനി ആരോപിച്ചു.
ആഴ്ചകൾക്ക് മുമ്പ് നൽകിയ ഹരജി വെള്ളിയാഴ്ചയാണ് ഹൈകോടതി പരിഗണിച്ചത്. എൻ.ഐ.എയുടെ അഭിഭാഷകന്റെ അപേക്ഷ പ്രകാരം വാദം കേൾക്കൽ കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ടു വർഷമായി ഹാനി നവി മുംബൈയിലെ തലോജ ജയിലിലാണ്.

