സമൂഹ മാധ്യമത്തിൽ ബ്ലോക്ക് ചെയ്തു; പ്രണയപ്പകയിൽ വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ഭുജിൽ സമൂഹ മാധ്യമത്തിൽ ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായി യുവാവ് 20കാരിയെ കഴുത്തറുത്ത് കൊന്നു. കച്ചിലെ എയര്‍പോര്‍ട്ട് റിങ് റോഡിലെ ശങ്കര്‍ കോളജ് ബി.സി.എ വിദ്യാര്‍ഥിനി സാക്ഷിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു നഗരത്തെ നടുക്കിയ ക്രൂരകൃത്യം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന കുട്ടിയെ അവിടെ നിന്നും വിളിച്ചിറക്കിയാണ് യുവാവ് ആക്രമിച്ച് കൊലപ്പെടുത്തിയത്. തന്നെ ബ്ലോക്ക് ചെയ്തതിൽ പെണ്‍കുട്ടിയോട് യുവാവ് വിശദീകരണം ചോദിച്ച് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സൃഹൃത്ത് മോഹിത്തിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല, ആക്രമണത്തില്‍ ഇയാൾക്കും പരിക്കേറ്റു. പുറത്ത് കുത്തേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ വിശദീകണം തേടിയായിരുന്നു യുവാവ് പെണ്‍കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയത്. ഇരുവരും സംസാരിക്കുന്നതിനിടെ തർക്കത്തിലാവുകയും പ്രകോപിതനായ മോഹിത് കൈയില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയുമായിരുന്നു. പിന്നാലെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. പെൺകുട്ടിയേയും മോഹിത്തിന്‍റെ സുഹൃത്തിനെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.
പെണ്‍കുട്ടിയും മോഹിതും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോഹിതുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി നിലപാട് എടുത്തതായിരുന്നു കൊലപാതകത്തിന് കാരണം. അമ്മയുടെ നിർദേശപ്രകാരം പെൺകുട്ടി മോഹിത്തിനെ സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്തു. മോഹിത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

