‘കരുതൽ തടങ്കൽ നിയമങ്ങളുടെ നഗ്നമായ ദുരുപയോഗം...’; അസം സർക്കാറിനെതിരെ ജയറാം രമേശ്
text_fieldsന്യൂഡൽഹി: ജില്ല കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെ പരിസ്ഥിതി പ്രവർത്തകൻ പ്രണബ് ഡോളിക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തിയ അസം സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്.
കരുതൽ തടങ്കൽ നിയമങ്ങളുടെ നഗ്നമായ ദുരുപയോഗമാണ് അസം സർക്കാറിന്‍റെ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജൂലൈ 30ന് പ്രണബ് ഡോളിക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ സർക്കാർ അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇത് കരുതൽ തടങ്കൽ നിയമങ്ങളുടെ നഗ്നമായ ദുരുപയോഗവും സർക്കാറിന്റെ അതിരുകടക്കലുമാണെന്ന് ജയറാം രമേശ് പറയുന്നു. കാസിരംഗ ദേശീയോദ്യാനത്തിന് സമീപം അസം മുഖ്യമന്ത്രിയുടെ പിന്തുണയോടെ നിർമിക്കുന്ന പഞ്ചനക്ഷത്ര റിസോർട്ടിനെതിരെ പ്രതിഷേധിച്ച ഗ്രാമീണരെ പിന്തുണച്ചതിനാണ് ഡോളിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 മുതൽ ഗോലാഘട്ടിലെ തദ്ദേശവാസികൾ ഈ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. തങ്ങളുടെ ഭൂമി ബലമായി പിടിച്ചെടുത്താണ് റിസോർട്ട് നിർമാണം എന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണർ ഗുവാഹത്തി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലൈ 29നാണ് ഡോളിക്ക് സെഷൻസ് കോടതി ജാമ്യം അനുവദിക്കുന്നത്. തദ്ദേശീയരുടെ ആശങ്കകളെ അടിച്ചമർത്താൻ ക്രിമിനൽ നിയമങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചതായി രമേശ് ഓർമിപ്പിച്ചു. എന്നാൽ, ദേശീയ സുരക്ഷ നിയമം ചുമത്തിയതിലൂടെ അതുതന്നെയാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സംശയാസ്പദമായ സ്രോതസ്സുകളിൽനിന്ന് ഡോളി വിദേശ പണമിടപാടുകൾ നടത്തിയിട്ടുണ്ട് എന്നത് ഉൾപ്പെടെയുള്ള വ്യാജവും ഊഹാപോഹങ്ങൾ നിറഞ്ഞതുമായ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ സുരക്ഷ നിയമം ചുമത്തിയത്. ഇത് മോദി സർക്കാറിന്റെ സ്ഥിരം തിരക്കഥയാണ്. എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ ബി.ജെ.പി സർക്കാറുകൾ അസാധാരണ നിയമങ്ങൾ ആയുധമാക്കുന്നതിന്റെ ഭാഗമാണ് ഡോളിക്കെതിരായ എൻ.എസ്.എ ചുമത്തിയത്. നോയിഡയിലെ തൊഴിൽ ചൂഷണങ്ങൾക്കെതിരെ പ്രതിഷേധിച്ച തൊഴിലാളി പ്രവർത്തകർക്കെതിരെ എൻ.എസ്.എ ചുമത്തിയ സമാനമായ സംഭവങ്ങൾ ഉത്തർപ്രദേശിലും ഉണ്ടായിട്ടുണ്ട്. അറസ്റ്റുകളിലൂടെയും കരി നിയമങ്ങളിലൂടെയും അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും തദ്ദേശീയരുടെയും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ന്യായമായ പരാതികളെ അടിച്ചമർത്താൻ രാജ്യത്തുടനീളമുള്ള ബി.ജെ.പി സർക്കാറുകൾക്ക് കഴിയില്ല. നിയമവാഴ്ചയോടും ജനാധിപത്യപരമായ വിയോജിപ്പുകളോടും അസം സർക്കാർ പൂർണമായ അനാദരവാണ് കാണിക്കുന്നത്. ജാമ്യം അനുവദിച്ച കോടതി ഉത്തരവുകളെ മറികടക്കാനോ തടവ് നീട്ടാനോ കരുതൽ തടങ്കൽ നിയമങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സുപ്രീംകോടതിയും പല ഹൈകോടതികളും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’ -ജയറാം രമേശ് എക്സിൽ കുറിച്ചു.
കാസിരംഗയിൽ പഞ്ചനക്ഷത്ര റിസോർട്ട് നിർമാണത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് ബൊകാഖാട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂലൈ 12നാണ് പ്രണബ് ഡോളിയെ അറസ്റ്റ് ചെയ്തത്. കാസിരംഗയിലെ ഹതിഖുലിയിലുള്ള ഇംഗ്ലെ പഥാറിലെ ഭൂമി ഒരു ഹോസ്പിറ്റാലിറ്റി കമ്പനിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഡോളി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

