പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു: ആർമി ബ്രിഗേഡ് ആസ്ഥാനത്ത് ഷെല്ലാക്രമണം
text_fieldsജമ്മു: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും ആക്രമണം നടത്തി. ഇന്ത്യൻ ബ്രിഗേഡ് ആസ്ഥാനത്തിനു നേരെ പാക് റേഞ്ചേഴ്സ് ഷെല്ലാക്രമണം നടത്തിയതായി സേന വക്താവ് അറിയിച്ചു. ഇന്ത്യൻ ബ്രിഗേഡ് ആസ്ഥാനത്തേക്ക് തെറിച്ചു വീണ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല.
പാകിസ്താൻ സേന ചൊവ്വാഴ്ച രാത്രി ഗ്രനേഡുകളും ചെറു വെടികോപ്പുകളും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പ്രയോഗിച്ചതായി ജമ്മുവിലെ സേനാ വക്താവ് ലഫ്.കേണൽ ദേവേന്ദ്ര ആനന്ദ് അറിയിച്ചു. ഷെല്ലാക്രമണത്തെ തുടർന്ന് പൂഞ്ചിലെ മോട്ടി മഹലിലുള്ള ബ്രിഗേഡ് ആസ്ഥാനത്ത് സ്ഫോടനവും തീപിടുത്തവുമുണ്ടാവുകയും ചെയ്തു.
ഞായറാഴ്ച രജൗരി സെക്ടറിൽ നുഴഞ്ഞുകയറിയ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഇന്ത്യ പാക് സൈനിക ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. പാക് സൈന്യം തീവ്രവാദികളെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിക്കുന്നതായും സേന ആരോപിച്ചിരുന്നു.
