തമിഴ്‌നാട്ടിൽ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; ഒരു മരണം
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിലെ കോവിൽപ്പുലികുത്തിയിലുള്ള പടക്കനിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. രാമലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. നിരവധി നിർമാണ യൂനിറ്റുകൾ തകരുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.
മോഹൻരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സത്യപ്രഭ പടക്ക നിർമ്മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. കെമിക്കൽ മിക്‌സിങ്, ഡ്രൈയിങ്, പാക്കേജിങ് എന്നിവയിലായി നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്താണ് സംഭവം. ഫാൻസി പടക്കങ്ങൾ തയാറാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് അധികൃതർ കരുതുന്നത്. ഷോക്ക്‌വേവ് കിലോമീറ്ററുകൾ അകലെ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ആറ് സ്ത്രീകളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രാമലക്ഷ്മി മരിച്ചു. ബാക്കിയുള്ളവർ ഇപ്പോൾ ചികിത്സയിലാണ്.
സത്തൂരിൽ നിന്നും ശിവകാശിയിൽ നിന്നുമുള്ള ഫയർ ആൻഡ് റെസ്‌ക്യൂ ടീമുകൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനും ശ്രമിച്ചു. വച്ചക്കരപ്പട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങൾ നിർണയിക്കാൻ സ്ഥാപനത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ അധികൃതർ പരിശോധിച്ചുവരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.