രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളിൽ മൂന്നാഴ്ചക്കിടെ 150 ശതമാനം വര്‍ധന
text_fieldsന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളിൽ വൻ വർധനയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളിൽ 150 ശതമാനം വർധനയുണ്ടായെന്നാണ് കണക്ക്.
രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫംഗസ് ബാധയും അതുമായി ബന്ധപ്പെട്ട് 2109 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതൽ രോഗബാധയും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 7057 കേസുകളും 609 മരണവുമാണ് മഹാരാഷ്ട്രയിലുണ്ടായത്. ഏറ്റവും കുറവ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഝാർഖണണ്ഡിലാണ്; 96 കേസുകൾ. ഏറ്റവും കുറവ് മരണം സ്ഥിരീകരിച്ചിരിക്കുന്നത് ബംഗാളിലാണ്; 23.
മറ്റ് ചില സംസ്ഥാനങ്ങളിലെ കണക്ക് ഇപ്രകാരമാണ് (കേസുകൾ, മരണം ക്രമത്തിൽ)- ഗുജറാത്ത്: 5418-323, രാജസ്ഥാൻ: 2976-188, ഉത്തർപ്രദേശ്: 1744-142, ഡൽഹി: 1200-125. ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചവരിൽ ചികിത്സിക്കാനുപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി എന്ന മരുന്നിന് നേരിടുന്ന ക്ഷാമവും കേസുകൾ വർധിക്കുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.