മോദിയുടെ കോലം കത്തിച്ച് കരിദിനത്തിൽ കർഷകരോഷം
text_fieldsന്യൂഡൽഹി: കരിങ്കൊടികൾ ഉയർത്തിയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും മോദിയുടെ കോലം കത്തിച്ചും ഡൽഹി അതിർത്തികളിൽ കർഷകർ തങ്ങളുെട സമരത്തിന് ആറുമാസം പൂർത്തിയായ നാളിൽ സർക്കാറിനോടുള്ള രോഷം തീർത്തു. കഴിഞ്ഞ വർഷം നവംബർ 26ന് തുടങ്ങിയ കർഷകസമരം ആറുമാസം പൂർത്തിയായ ദിവസം നരേന്ദ്ര മോദി സർക്കാർ ഏഴാം വാർഷികം കൊണ്ടാടുന്നത് പരിഗണിച്ചാണ് കർഷകർ പ്രതിഷേധത്തിന് ആഹ്വാനം െചയ്തത്. കനത്ത പൊലീസ് കാവലിൽ കർഷകർ മോദിയുടെ കോലം കത്തിക്കുന്നതിനിടയിൽ ഗാസിപൂർ അതിർത്തിയിൽ നേരിയ സംഘർഷമുണ്ടായി.
കരിദിനത്തോടനുബന്ധിച്ച് സിംഘുവിലും ടിക്രിയിലും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് പരിഗണിച്ച് പ്രതിഷേധം നടത്തരുതെന്ന ഡൽഹി പൊലീസിെൻറ മുന്നറിയിപ്പ് തള്ളിയായിരുന്നു കർഷകരോഷം. അതിർത്തിക്കുപുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും കരിദിനമാചരിച്ചു. വീടുകൾക്കും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും മുകളിൽ കരിങ്കൊടി കൊട്ടിയ കർഷകർ പ്രധാനമന്ത്രി മോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ കോലം കത്തിച്ചു.
ആറുമാസം അതിർത്തിയിലിരുന്നിട്ടും സർക്കാർ തങ്ങളെ ഗൗനിക്കാതിരുന്നതുകൊണ്ടാണ് കരിദിനമാചരിച്ചതെന്ന് കർഷക നേതാവ് അവ്താർ സിങ് മെഹ്മ പറഞ്ഞു. സിംഘുവിൽ കജാരിയ ടൈൽസിൽനിന്ന് പ്രധാന വേദിയിലേക്ക് കർഷകർ കരിങ്കൊടിയേന്തി പ്രകടനം നടത്തി. സമരത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ഡൽഹി പൊലീസിനൊപ്പം ദേശീയ മനുഷ്യാവകാശ കമീഷനും നിർദേശം നൽകിയിരുന്നു.
രാകേഷ് ടിക്കായത്തിെൻറ നേതൃത്വത്തിൽ ഗാസിപുരിൽ സമരം നടത്തുന്ന കർഷകർ മീററ്റ് -ഡൽഹി എക്സ്പ്രസ്വേയിൽ മോദിയുടെ കോലം കത്തിക്കുന്നത് പൊലീസ് തടയാൻ ശ്രമിച്ചതാണ് നേരിയ സംഘർഷത്തിനിടയാക്കിയത്. കറുത്ത തലപ്പാവണിഞ്ഞ് കരിങ്കൊടിയുമേന്തി വന്നാണ് രാകേഷ് ടിക്കായത്ത് സമരം നയിച്ചത്.
മൂന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പഞ്ചാബിൽ നിന്ന് ''ഡൽഹി ചലോ'' മാർച്ച് പ്രഖ്യാപിച്ച് രാജ്യതലസ്ഥാനത്തേക്ക് തിരിച്ച ആയിരക്കണക്കിന് കർഷകർ ജലപീരങ്കികളും ലാത്തിച്ചാർജും അതിജീവിച്ച് കഴിഞ്ഞ നവംബർ 26നാണ് ഡൽഹി അതിർത്തിയിൽ എത്തിയത്. ഡൽഹി അതിർത്തികളിൽ ഡൽഹി പൊലീസ് തടഞ്ഞതിനെ തുടർന്ന് അവിടെ കുത്തിയിരുന്ന് കർഷകർ സമരം തുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

