‘ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ല’; കിട്ടിയെന്ന റിപ്പോർട്ട് ഊഹാപോഹം മാത്രമെന്ന് എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: അഹ്മദാബാദിൽ തകർന്ന ബോയിങ് വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്നും കിട്ടിയെന്ന രീതിയിൽ വന്ന റിപ്പോർട്ടുകൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും എയർ ഇന്ത്യ. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ നിർണായകമായ ബ്ലാക്ക് ബോക്സുകളിൽ ഒന്ന് കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് മണിക്കൂറുകൾക്കു ശേഷമാണ് എയർ ഇന്ത്യ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പുതിയ വിവരം പുറത്തുവിട്ടത്.
ദുരന്തകാരണം മനസ്സിലാകാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സുകളും കണ്ടെത്തേണ്ടതുണ്ട്. രണ്ട് പ്രധാന ഘടകങ്ങളുള്ള റെക്കോഡിങ് സംവിധാനമാണിത്: ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും (എഫ്.ഡി.ആർ) കോക്പിറ്റ് വോയ്സ് റെക്കോഡറും (സി.വി.ആർ). വിമാനം പറക്കുമ്പോൾ ആകെ 80-100 വരെ പാരാമീറ്ററുകൾ എഫ്.ഡി.ആർ രേഖപ്പെടുത്തുന്നു. വേഗത, ഉയരം, എൻജിൻ സ്ഥിതി, റഡാർ വിവരങ്ങൾ, കൺട്രോൾ സിസ്റ്റങ്ങളുടെ പ്രവർത്തനം തുടങ്ങിയവ ഉൾപ്പെടുന്നു. പൈലറ്റുമാരും കോ പൈലറ്റുമാരും തമ്മിലുള്ള സംഭാഷണവും മറ്റു ശബ്ദങ്ങളും (അലാർമുകൾ, എൻജിൻ ശബ്ദം) രേഖപ്പെടുത്തുന്നത് സി.വി.ആർ ആണ്.
ഈ ഉപകരണങ്ങൾ വിമാനം തകരാറിലായിട്ടും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശക്തമായ ടൈറ്റാനിയം/ സ്റ്റീൽ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. ഉയർന്ന താപനില, വെള്ളത്തിൽ മുങ്ങൽ, ഉരുക്ക് തിരിച്ചടി എന്നിവയെ അതിജീവിക്കാൻ കഴിവുള്ളതാണ്. കോക്പിറ്റിന് സമീപമാണ് ഇത് ഘടിപ്പിക്കുക. ബ്ലാക്ക് ബോക്സ് ഡേറ്റ വിശകലനം ചെയ്താൽ അപകടകാരണം പിടികിട്ടും: മനുഷ്യപിഴവ്, സാങ്കേതിക തകരാർ, കാലാവസ്ഥ തുടങ്ങി ഏത് കാരണവും ഡേറ്റ വിശകലനത്തിലൂടെ കണ്ടെത്താനാകും. വിമാനദുരന്തത്തിനുശേഷം ബ്ലാക്ക് ബോക്സ് കണ്ടെത്താൻ ദിവസങ്ങളെടുത്തേക്കാം. തിരിച്ചെടുത്ത ശേഷം പ്രത്യേക ലാബുകളിൽ അതിന്റെ വിവരങ്ങൾ ‘ഡീകോഡ്’ ചെയ്യുന്നു.
അതേസമയം വിമാനാപകടവുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ, ബോയിങ് ഡ്രീംലൈനർ 787-8 വിമാനങ്ങൾ പരിശോധന നടത്താൻ കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി സൂചനയുണ്ട്. ഈ വിഭാഗത്തിൽപെട്ട, സർവീസുകൾ നടത്തുന്ന എല്ലാ വിമാനങ്ങളും പരിശോധനക്ക് വിധേയമാക്കാനാണ് ആലോചന. കൃത്യമായ സുരക്ഷാ പരിശോധന നടത്താതെയാണ് എയർ ഇന്ത്യ സർവീസുകൾ നടത്തിയതെന്ന വിമർശനവും യോഗത്തിൽ ഉയരുന്നുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ വെള്ളിയാഴ്ച അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. വിമാനം തകർന്ന സ്ഥലവും ഹോസ്റ്റൽ കെട്ടിടവും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. രാവിലെ 8.30ഓടെ എത്തിയ പ്രധാനമന്ത്രി രണ്ടു മണിക്കൂറോളം അഹ്മദാബാദിലുണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച അപകട സ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും സന്ദർശിച്ച ആഭ്യന്തര മന്ത്രി, കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയതായും രാജ്യം ഒന്നാകെ മരിച്ചവരുടെ പ്രിയപ്പെട്ടവർക്കൊപ്പമാണെന്നും പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റ ഗ്രൂപ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ടാറ്റ ഗ്രൂപ് വഹിക്കും.
അഹ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച ഉച്ചക്ക് 1.38നാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. സെക്കൻഡുകൾക്കകം തകർന്നുവീണ വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം വീണ മെഡിക്കൽ കോളജ് ഹോസ്റ്റലിലും നിരവധി പേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ ആകെ മരണം 265 ആയെന്ന് അധികൃതർ സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.