രാകേഷ് ടികായത്തിനുനേരെയുള്ള ആക്രമണത്തിൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: കർഷക നേതാവ് രാകേഷ് ടികായത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിക്കാൻ ശനിയാഴ്ച യു.പിയിലെ മുസഫർ നഗറിൽ അടിയന്തര മഹാപഞ്ചായത്ത് വിളിച്ചുചേർത്ത് ഭാരതീയ കിസാൻ യൂനിയൻ. പഹൽഗാം ഭീകരാക്രമണത്തിനെതിരെ വെള്ളിയാഴ്ച മുസഫർനഗറിൽ വലതുപക്ഷ സംഘടനകൾ സംഘടിപ്പിച്ച ആക്രോശ് റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം.
പഹൽഗാമിൽ ആക്രമണം നടത്തിയവർ ഹിന്ദു- മുസ്ലിം ഭിന്നത സൃഷ്ടിച്ച് നേട്ടംകൊയ്യാൻ ശ്രമിക്കുന്നവരാണെന്നും ആക്രമണത്തിന്റെ ഉത്തരവാദികൾ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും ടികായത്ത് പറഞ്ഞിരുന്നു. ഇത് നരേന്ദ്ര മോദി സർക്കാറിനുനേരെ ആരോപണം ഉന്നയിക്കുന്നതും പാകിസ്താനെ വെള്ളപൂശുന്നതാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.
റാലിയിൽ സംസാരിച്ചവർ രാകേഷ് ടികായത്തിനെ ആക്ഷേപിക്കുകയും അവിടെ നിന്നു പോകാൻ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. സംഭവം കർഷക പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ ഒരു രാഷ്ട്രീയപാർട്ടി നടത്തിയ ഗൂഢാലോചനയാണെന്ന് ബി.ജെ.പിയെ പരോക്ഷമായി കുറ്റപ്പെടുത്തി ഭാരതീയ കിസാൻ യൂനിയൻ പ്രസിഡന്റ് നരേഷ് ടികായത്ത് പറഞ്ഞു. കർഷക നേതാവിന് നേരെയുണ്ടായ അക്രമത്തിൽ അപലപിച്ച് സംയുക്ത കിസാൻ മോർച്ചയും (എസ്.കെ.എം) രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

