ബംഗളൂരു: മാറിമറിഞ്ഞ രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിൽ ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. അധികം ആഘോഷ പ്രകടനങ്ങൾ ഇല്ലാതെയാണ് ബി.ജെ.പി സർക്കാറിൻറെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. കർണാടകയിൽ വൻ ആഘോഷ പരിപാടികൾക്ക് പദ്ധതിയിട്ട ബി.ജെ.പി പ്രവർത്തകർ തണുപ്പൻ മട്ടിലാണ് സത്യപ്രതിജ്ഞയെ കാണുന്നത്. ഒന്നര ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനായിരുന്നു ബി.ജെ.പി ആലോചിച്ചിരുന്നത്. രാജ് ഭവന് പുറത്ത് പാർട്ടി പ്രവർത്തകരുടെ ഒറ്റപ്പെട്ട ആഘോഷ പ്രകടനങ്ങൾ നടന്നു.
Golden period for Karnataka set to return with Shri @BSYBJP swearing in as the Chief Minister of Karnataka at 9.00AM in Raj Bhavan. #BSYNammaCM pic.twitter.com/ocP4TSA15c
— BJP Karnataka (@BJP4Karnataka) May 17, 2018
സർക്കാർ രൂപവത്കരിക്കാൻ ഗവർണർ വാജുഭായി വാലഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായിരുന്നു. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറും. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. ഗവർണറുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് അർധരാത്രിയോടെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാനാവില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ വിധി. രാത്രിതന്നെ കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയാണ് സുപ്രീംകോടതിയിലെത്തിയത്.
105 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പിയും 117 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് -ജെ.ഡി (എസ്) സഖ്യവും ബുധനാഴ്ച ഗവർണറെ കണ്ട് അവകാശവാദമുന്നയിച്ചു. എന്നാൽ, നിയമവശം ആലോചിച്ചശേഷം മറുപടി നൽകാമെന്ന് അറിയിച്ച ഗവർണർ രാത്രിയോടെ ബി.ജെ.പിയെ ക്ഷണിക്കുകയായിരുന്നു. ഇതിനെ നിയമപരമായി നേരിടാൻ കോൺഗ്രസിന് സമയം നൽകാതെ ഇന്ന് സുപ്രീംകോടതി ചേരുംമുമ്പ് സത്യപ്രതിജ്ഞക്കാണ് ബി.ജെ.പി കരുനീക്കിയത്.
േകവല ഭൂരിപക്ഷമായ 113 തികക്കാൻ ബി.ജെ.പിക്ക് എതിർപാർട്ടികളിൽനിന്ന് എട്ട് എം.എൽ.എമാരെക്കൂടി കൂേട്ടണ്ടിവരും. ഇതോടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനാണ് കളമൊരുങ്ങുന്നത്. ഇതിനെ സാധൂകരിക്കുന്ന ഗുരുതര ആരോപണവുമായി ബി.ജെ.പിക്കെതിരെ ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയും കോൺഗ്രസ് എം.എൽ.എയും രംഗത്തെത്തി. ജെ.ഡി.എസ് എം.എൽ.എമാർക്ക് ബി.ജെ.പി 100 കോടി രൂപയും മന്ത്രിപദവുമാണ് വാഗ്ദാനം ചെയ്തതെന്ന് കുമാരസ്വാമി ആരോപിച്ചു.
ബി.ജെ.പി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് സമീപിച്ചതായി കുട്ലഗിയിൽ നിന്നുള്ള കോൺഗ്രസ് ലിംഗായത്ത് എം.എൽ.എ അമരഗൗഡ ലിംഗനഗൗഡ പാട്ടീൽ ആരോപിച്ചു. എന്നാൽ, ആരോപണം കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ നിഷേധിച്ചു. കോൺഗ്രസ്- ജെ.ഡി(എസ്) ലയനത്തിൽ അതൃപ്തിയുള്ള പത്തോളം എം.എൽ.എമാരെ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഇൗശ്വരപ്പയും വ്യക്തമാക്കി.
104 ബി.ജെ.പി അംഗങ്ങളുടെയും ഒരു സ്വതന്ത്രെൻറയും പിന്തുണ കാണിച്ച കത്താണ് ബി.എസ്. യെദിയൂരപ്പ ഗവർണർക്ക് കൈമാറിയത്. ഉച്ചക്ക് ശേഷം ജെ.ഡി.എസ് മുഖ്യമന്ത്രി സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമിയും കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വരയും പത്തോളം എം.എൽ.എമാരും ചേർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. 77 കോൺഗ്രസ് എം.എൽ.എമാരും 38 ജെ.ഡി-എസ് എം.എൽ.എമാരും ബി.എസ്.പി, സ്വതന്ത്രൻ എന്നിവരും ഒപ്പിട്ട കത്താണ് ഇവർ ഗവർണർക്ക് ഹാജരാക്കിയത്. ബെള്ളാരി ഹൊസ്പേട്ടിൽനിന്നുള്ള എം.എൽ.എ ആനന്ദ്സിങ് കോൺഗ്രസ് ക്യാമ്പിലെത്തിയിട്ടില്ല. കഴിഞ്ഞതവണ ബി.െജ.പി ടിക്കറ്റിലും ഇത്തവണ കോൺഗ്രസ് ടിക്കറ്റിലും മത്സരിച്ച ആനന്ദ്സിങ് ബി.ജെ.പി പാളയത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.