ജഗന്നാഥ ഭഗവാൻ മോദിയുടെ ഭക്തൻ; ബി.ജെ.പി സ്ഥാനാർഥിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം
text_fieldsഭുവനേശ്വർ: ജഗന്നാഥ ഭഗവാനെ സംബന്ധിച്ച ബി.ജെ.പി സ്ഥാനാർഥി സാംബിത് പാത്രയുടെ പരാമർശത്തിൽ പ്രതിഷേധം. ജഗന്നാഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്നായിരുന്നു പാത്രയുടെ പരാമർശം. ഇതിനെതിരെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കളെല്ലാം രംഗത്തെത്തി. പരാമർശം വിവാദമായതോടെ തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് അറിയിച്ച് സാംബിത് പാത്ര തന്നെ രംഗത്തെത്തി.
പ്രാദേശിക ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സാംബിത് പാത്രയുടെ വിവാദപരാമർശം. പാത്രയുടെ പ്രതികരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സാംബിത് പാത്രയുടെ പ്രസ്താവനക്കെതിരെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികും രംഗത്തെത്തി. പ്രപഞ്ചത്തിന്റെ തന്നെ ദൈവമാണ് ജഗന്നാഥൻ. ഭഗവാൻ ജഗന്നാഥൻ മറ്റൊരാളുടെ ഭക്തനാണെന്ന് പറയുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. കോടിക്കണക്കിന് ജഗന്നാഥ ഭക്തൻമാരുടെ വികാരത്തെയാണ് സാംബിത് പാത്ര വ്രണപ്പെടുത്തിയതെന്ന് നവീൻ പട്നായിക് പറഞ്ഞു.
ദൈവത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് സാംബിത് പാത്ര നടത്തിയതെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും പറഞ്ഞു. ബി.ജെ.പിയുടെ പ്രസ്താവനയെ താൻ അപലപിക്കുകയാണ്. അവർ ദൈവത്തിനും മുകളിലാണെന്ന് ചിന്തിക്കാൻ തുടങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. അധികാരത്തിന്റെ ലഹരിയിലുള്ള ബി.ജെ.പി ദൈവങ്ങളെ പോലും വെറുതെ വിടുന്നില്ലെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം.
പ്രസ്താവന വിവാദമായതിന് പിന്നാലെ ഇതിൽ വിശദീകരണവുമായി സാംബിത് പാത്ര തന്നെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജഗന്നാഥ ഭക്തനാണെന്ന് പറയാനായിരുന്നു താൻ ശ്രമിച്ചത്. എന്നാൽ, നാക്കുപിഴ സംഭവിച്ച് അത് നേരെ തിരിച്ചായി പോവുകയായിരുന്നുവെന്ന വിശദീകരണമാണ് സാംബിത് പാത്ര നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

