ജയിച്ചാൽ ‘അലിനഗർ’ ‘സീതാനഗർ’ ആക്കും; വിവാദമായപ്പോൾ കേന്ദ്രമന്ത്രിയുടെ നിർദേശപ്രകാരമാണ് പറഞ്ഞതെന്ന് ബിഹാറിലെ ബി.ജെ.പി സ്ഥാനാർഥി
text_fieldsമൈഥിലി ഠാകുർ
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ‘ജെൻ സി’യുടെ പ്രതിനിധിയായി ബി.ജെ.പി കളത്തിലിറക്കിയ ഗായിക മൈഥിലി ഠാകുറിന്റെ പരാമർശം വിവാദത്തിൽ. എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടാൽ താൻ മത്സരിക്കുന്ന അലിനഗറിന്റെ പേര് സിതാ നഗർ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി സ്ഥാനാർഥി.
എന്നാൽ, പ്രസ്താവന വിവാദമായതിനു പിന്നാലെ ഇത് തന്റെ ആശയമല്ലെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ റായുടെ നിർദേശമാണെന്നും മൈഥിലി വിശദീകരിച്ചു. ‘ഇത് തന്റെ ആശയമല്ല. ദർബംഗയിൽ വെച്ച് നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ കേന്ദ്ര മന്ത്രി നിത്യാന്ദ റായ് ആണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. മിഥലാഞ്ചലുമായി ബന്ധമുള്ള പേര് ആയതിനാൽ സിതാ നഗർ എന്ന പുതിയ പേര് നൽകുന്നതിനെ പിന്തുണക്കുകയായിരുന്നു’ -25കാരിയായ മൈഥിലി പറഞ്ഞു.
നവംബർ ആറിന് ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങവെ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ സാമൂദായിക ഭിന്നത സൃഷ്ടിക്കുന്നതിനായാണ് ബി.ജെ.പി ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
2020 തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമായി മത്സരിച്ച മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ മിശ്രി ലാൽ യാദവ് ആയിരുന്നു അലി നഗറിൽ ജയിച്ചത്. എന്നാൽ, ഇദ്ദേഹം പിന്നീട് ബി.ജെ.പിയിൽ ചേരുകയും, ഏതാനും ആഴ്ചകൾക്ക് മുമ്പ് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രാജിവെക്കുകയും ചെയ്തു. ഇതോടെയാണ് പുതിയ മുഖം എന്ന നിലയിൽ ബി.ജെ.പി യുവ മുഖമായ ഫോക് ഗായിക മൈഥിലിയെ കളത്തിലിറക്കിയത്.
ആർ.ജെ.ഡിയുടെ വിനോദ് മിശ്രയാണ് ഇത്തവണ അലി നഗറിൽ ഇൻഡ്യ മുന്നണി സ്ഥാനാർഥി. ബ്രാഹ്മണ, മുസ്‍ലിം, യാദവ വോട്ടർമാർ ഭൂരിപക്ഷമുള്ള മണ്ഡലം കുടിയാണ് അലി നഗർ.
ബി.ജെ.പി സ്ഥാനാർഥിയുടെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനവുമായി ആർ.ജെ.ഡി രംഗത്തെത്തി. ബി.ജെ.പിയുടെ രാഷ്ട്രീയകളി ജനങ്ങൾക്ക് മനസ്സിലാവുമെന്നും, പേര് മാറ്റമൊന്നുമല്ല ജനങ്ങൾക്ക് വേണ്ടത്. തൊഴിലും, വികസനവും, മെച്ചപ്പെട്ട ജീവതവുമാണ് -ആർ.ജെ.ഡി സ്ഥാനാർഥി വിനോദ് മിശ്ര പറഞ്ഞു.
ഫോക്, ക്ലാസിക് സംഗീത മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മൈഥിലിയെ യുവ മുഖം എന്ന നിലയിലാണ് ബി.ജെ.പി മത്സര രംഗത്തിറക്കിയത്. ചെറു പ്രായത്തിൽ തന്നെ വിവിധ സംഗീത റിയാലിറ്റി ഷോകളിലും പ്രതിഭതെളിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

