‘പസ്മാന്ദ മുസ്ലിംകളെ’ പിടിക്കാൻ ബി.ജെ.പിയുടെ ‘ഖൗമീ ചൗപാൽ’
text_fieldsrepresentational image
ന്യൂഡൽഹി: മുസ്ലിം സമുദായത്തിന്റെ താഴേത്തട്ടിൽ വിവേചനം നേരിടുന്ന പസ്മാന്ദകൾ എന്ന അൻസാരി മുസ്ലിംകളെ പിടിക്കാൻ ‘ഖൗമീ ചൗപാലു’കളുമായി (സമുദായ സഭ) ബി.ജെ.പി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച പരിപാടിയാണിതെന്നും ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും ഗ്രാമങ്ങളിൽ ചൗപാൽ സംഘടിപ്പിക്കുമെന്നും യു.പി സർക്കാറിലെ ഏക മുസ്ലിം മന്ത്രിയും പസ്മാന്ദ വിഭാഗക്കാരനുമായ ദാനിഷ് ആസാദ് അൻസാരി പറഞ്ഞു.
കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിനിടെ പാർലമെന്റിൽ നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ‘ഖൗമീ ചൗചാൽ’ സംഘടിപ്പിക്കാൻ നിർദേശിച്ചതെന്നും അൻസാരി വ്യക്തമാക്കി. ഉത്തർപ്രദേശിൽ 17 കോർപറേഷനുകൾ അടക്കമുള്ള തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് മുസ്ലിംകളിലെ പിന്നാക്ക വിഭാഗമായ പസ്മാന്ദകളെ പിടിക്കാനുള്ള മോദിയുടെ നിർദേശം.
ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം ഏറ്റവും കുറഞ്ഞ റാംപുരിലൊഴികെ ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പ്രകടനം മോശമായിരുന്നു എന്ന് മുഖ്യമന്ത്രി യോഗിക്കും മോദിക്കും തിരിച്ചറിവുണ്ടായിട്ടുണ്ട്. ഗുജറാത്തിലെ തകർപ്പൻ ജയത്തോടൊപ്പം റാംപുർ ബി.ജെ.പി പിടിച്ചെടുത്തത് കൂടി കാണിച്ചാണ് ഹിമാചൽപ്രദേശിലും യു.പിയിലെ മറ്റിടങ്ങളിലും നേരിട്ട തിരിച്ചടിയെ പാർട്ടി പ്രതിരോധിച്ചത്.
വോട്ടർമാരെ തടഞ്ഞത് മൂലമാണ് കേവലം 30 ശതമാനത്തിൽ പരം വോട്ടിങ് നടന്നതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്.പി നേതാവ് അഖിലേഷ് സിങ് യാദവ് തെരഞ്ഞെടുപ്പ് കമീഷന് പരാതി സമർപ്പിക്കുക കൂടി ചെയ്തതോടെ റാംപുരിലെ നേട്ടത്തിന്റെ മാറ്റുകുറയുകയും ചെയ്തു.
പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ സമാജ്വാദി പാർട്ടിയിലേക്ക് പോയെന്ന് മനസ്സിലാക്കി അത് തിരിച്ചുപിടിക്കാനാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒ.ബി.സി സംവരണവുമായി യോഗി രംഗത്തുവന്നത്. എന്നാൽ അലഹബാദ് ഹൈകോടതി റദ്ദാക്കിയത് യോഗിക്ക് തിരിച്ചടിയായി.
എസ്.പിയുടെ പിന്നാക്ക മുസ്ലിം വോട്ടുകൾ അടർത്തി ബി.ജെ.പിയോട് ചേർക്കാൻ മന്ത്രി ദാനിഷ് ആസാദ് അൻസാരിയെ മോദി ചുമതലപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. പസ്മാന്ദ മുസ്ലിംകളിലേക്ക് ചെല്ലണമെന്നും ശ്രദ്ധാപൂർവം കേൾക്കണമെന്നും മോദി ആവശ്യപ്പെട്ടെന്ന് അൻസാരി പറഞ്ഞു.
അവർക്കൊപ്പം പുരോഗതിക്കായി പ്രവർത്തിക്കാനാവശ്യപ്പെട്ട പ്രധാനമന്ത്രി മാർഗനിർദേശം നൽകിയെന്നും അൻസാരി വ്യക്തമാക്കി. ‘ഞാനായിരിക്കും ‘ഖൗമീ ചൗപാലു’കൾ സംഘടിപ്പിക്കുന്നത്. അവർക്ക് പറയാനുള്ളത് കേൾക്കുകയും തിരിച്ച് സർക്കാർ പദ്ധതികൾ അങ്ങോട്ട് വിശദീകരിച്ചുകൊടുക്കുകയും ചെയ്യും’ -അൻസാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

