രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യക്കേസുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി കോടതിയലക്ഷ്യത്തിന് കേസ് നൽകി. റഫാൽ കേസ് വിധി പുനഃപരിശോധിക്കാമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് നടത്തിയ പ്രസ്താവനക്കെതിരായാണ് ബി.ജെ.പി എം.പി മീനാക്ഷി ലേഖി പരാതിയുമായി രംഗത്തെത്തിയത്.
ചൗക്കീദാർ കള്ളൻ തന്നെയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിൻെറ പരാമർശം. ഇതിനെതിരെ നൽകിയ കേസ് ഏപ്രിൽ 15 ന് പരിഗണിക്കും.
ബുധനാഴ്ചയാണ് സംഭവത്തിനാസ്പദമായ വിധി സുപ്രീംകോടതിയിൽ നിന്നുണ്ടായത്. റഫാൽ കേസിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ വിധി പുനഃപരിശോധിക്കണമെന്നും അതോടൊപ്പം ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച രേഖകൾ കൂടി പരിശോധിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ രേഖകൾ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് മോഷ്ടിച്ചതാണെന്നും അവ പരിശോധിക്കരുതെന്നും ഹരജി തള്ളണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാറിന് തിരിച്ചടി നൽകിക്കൊണ്ട് വിധി പുനഃപരിശോധിക്കുമെന്നും പുതിയ രേഖകൾ കൂടി പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഇൗ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് ചൗക്കീദാർ കള്ളൻ തന്നെയെന്ന് രാഹുൽ പറഞ്ഞത്.
