ബി.ജെ.പിയുടെ ധാർഷ്ട്യം സനാതന പാരമ്പര്യത്തെ തകർത്തു; സ്വാമി അവിമുക്തേശ്വരാനന്ദ് മാഘ മേളയിൽ നിന്ന് ഇറങ്ങിപ്പോയ സംഭവത്തിൽ വിമർശനവുമായി അഖിലേഷ് യാദവ്
text_fieldsസ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി മാഘമേളയില്‍ നിന്ന് പുറത്ത് പോവുന്നു
ലക്നോ: ബി.ജെ.പിയുടെ ധാർഷ്ട്യം സനാതന പാരമ്പര്യങ്ങളെ വ്രണപ്പെടുത്തിയെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രയാഗ്‌രാജിലെ മാഘ മേളയിൽ നിന്ന് പുണ്യസ്‌നാനം നടത്താതെ പുറത്തുപോയതിനെത്തുടർന്ന് ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് രംഗത്തെത്തി.
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാത്ത് മൗനി അമാവാസി ദിനത്തിൽ പുണ്യസ്‌നാനം നടത്തുന്നത് തദ്ദേശ ഭരണകൂടം തടഞ്ഞുവെന്നാരോപിച്ച് ജനുവരി 18 മുതൽ കുത്തിയിരിപ്പ് സമരം നടത്തിവരികയായിരുന്നു ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി. എന്നാൽ, വളരെയേറെ മനോഭാരത്തോടെ അദ്ദേഹം അത് അവസാനിപ്പിച്ചതായും ബി.ജെ.പിയുടെ ‘അഹങ്കാരം’ പണ്ടുമുതലേ തുടർന്നുവന്ന ഒരു പാരമ്പര്യത്തെ തകർത്തുവെന്നും യാദവ് ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു. ‘പ്രയാഗ്‌രാജിന്റെ പുണ്യഭൂമിയിൽ മാഘ മേളയിൽ നിന്ന് ജഗദ്ഗുരു ശങ്കരാചാര്യ പുണ്യസ്‌നാനം നടത്താതെ പോയത് അങ്ങേയറ്റം ദുഷ്‌കരമായ ഒന്നാണെന്നും’ അദ്ദേഹം കുറിച്ചു.
ഇത് മുഴുവൻ സനാതന സമൂഹത്തെയും വേദനിപ്പിക്കുക മാത്രമല്ല, അവരെ ഭയം പിടികൂടുകയും ചെയ്തതായി മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആഗോള സനാതന സമൂഹം വളരെയധികം വേദനിക്കുകയും അനിശ്ചിതമായ ആശങ്കയാൽ നിറഞ്ഞിരിക്കുകയും ചെയ്യുന്നു. ബി.ജെ.പിക്കും കൂട്ടാളികള്‍ക്കും വേണമെങ്കില്‍ അധികാരത്തിന്റെ അഹങ്കാരം ഉപേക്ഷിച്ച് അദ്ദേഹത്തെ തോളില്‍ ചുമന്ന് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിക്കാമായിരുന്നു. പക്ഷേ, പാർട്ടി അധികാരത്താൽ അന്ധമാക്കപ്പെട്ടതായി അഖിലേഷ് ആരോപിച്ചു. അഴിമതിയിലൂടെ നേടിയ അധികാരത്തിന്റെ ലഹരിയിലും അതിന്റെ അഹങ്കാരത്തിലുമാണ് ബി.ജെ.പിയെന്നും അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നത് ആ അഹങ്കാരമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

