മിയോ മുസ്ലിംകൾ ക്രിമിനലുകളും ലവ് ജിഹാദ് വിദഗ്ധരുമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsജയ്പുർ: മിയോ മുസ്ലിംകൾ ക്രിമിനലുകളെന്ന് ബി.ജെ.പി എം.എൽ.എ ബൻവാരി ലാൽ സിംഘാൽ. തന്‍റെ മണ്ഡലത്തിലെ തന്നെ മുസ്ലിം ജനവിഭാഗത്തിന് നേരെയാണ് സിംഘാൽ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലവ് ജിഹാദ് നടത്താൻ ഇവർ വിദ്ഗ്ധരാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
രാജസ്ഥാനിലെ ആൽവാർ മണ്ഡലത്തിലെ എം.എൽ.എയാണ് ബൻവാരി ലാൽ. ഈ മണ്ഡലത്തിലെ മൂന്നരലക്ഷത്തോളം മിയോ മുസ്ലിം വിഭാഗത്തിന് നേരെയാണ് എം.എൽ.എ അപകീർത്തികരമായ പ്രസ്താവന നടത്തിയത്.
ചൊവ്വാഴ്ച ആൽവാറിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ബൻവാരി ലാലിന്‍റെ ആരോപണം. മിയോ മുസ്ലികളെ താൻ വീട്ടിൽ കയറ്റാറില്ലെന്നും അവരോട് വോട്ട് ചോദിക്കാറില്ലെന്നും ബൻവാരി ലാൽ വെളിപ്പെടുത്തി.
പരിപാടിക്കുശേഷം ഇതേക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോടും എം.എൽ.എ തന്‍റെ നിലപാട് ആവർത്തിച്ചു. ഇത് രാഷ്ട്രീയമല്ല. ആൽവാർ നഗരത്തിലും പരിസരപ്രദേശത്തും നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും മിയോ മുസ്ലിംകൾക്ക് പങ്കുണ്ട്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച് പിന്നീടവരെ നശിപ്പിക്കുകയാണ് ഇവർ.
ഇവരോട് താൻ വോട്ട് അഭ്യർഥിക്കാറില്ല. ആ വോട്ട് തനിക്കാവാശ്യമില്ല. വോട്ട് നേടിയാൽ ഇവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മറ പിടിക്കുകയോ സഹായം ചെയ്യുകയോ വേണ്ടിവരും. അതുകൊണ്ടാണ് അവരോട് വോട്ട് ചോദിക്കാത്തത് എന്ന് ബി.ജെ.പി എം.എൽ.എ വ്യക്തമാക്കി.
രാജസ്ഥാനിലെ പരമ്പരാഗത വിഭാഗമാണ് മിയോ മുസ്ലിംകൾ. കന്നുകാലികളെ മേക്കുകയാണ് ഈ സമുദായത്തിന്‍റെ കുലത്തൊഴിൽ. ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിൽ മരിച്ച പെഹ് ലു ഖാൻ ഈ വിഭാഗത്തിൽ പെടുന്നയാളാണ്. 2017ൽ പൊലീസും കന്നുകാലികളെ കടത്തുന്നവരുമായി നിരവധി ഏറ്റുമുട്ടൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് രേഖയിലുള്ള കാലികടത്തുകാരെല്ലാം മിയോ സമുദായത്തിൽ പെടുന്നവരാണ്.
എന്നാൽ, സമുദായത്തിലെ ബി.ജെ.പി അംഗങ്ങൾ എം.എൽ.എയുടെ പ്രവസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 1.9 ലക്ഷം വോട്ടിന് ബി.ജെ.പി പരാജയപ്പെട്ട മണ്ഡലത്തിൽ എം.എൽ.എയുടെ പ്രസ്താവന ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി നൽകുമെന്ന് പാർട്ടിവൃത്തങ്ങൾ ഭയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
