ബിഹാറിൽ എൻ.ഡി.എക്ക് മങ്ങലേൽപിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ എസ്.ബി.എസ്.പി; പകുതിയിലേറെ സീറ്റിൽ ഒറ്റക്ക് മൽസരിക്കും
text_fieldsഓം പ്രകാശ് രാജ്ഭർ
പട്ന: ബിഹാർ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ 47 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അവരുടെ സഖ്യകക്ഷിയായ എസ്.ബി.എസ്.പി സംസ്ഥാനത്തെ 243 സീറ്റുകളിൽ 153 എണ്ണത്തിലും സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചു. ഒരു സീറ്റു പോലും ലഭിക്കാത്തതിനെ തുടർന്നാണ് നീക്കം. ബിഹാർ തെരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ ചുവടുവെപ്പ് നിരവധി മണ്ഡലങ്ങളിലെ നിലവിലുള്ള എൻ.ഡി.എയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്ന് എസ്.ബി.എസ്.പി സൂചിപ്പിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി നാലോ അഞ്ചോ സീറ്റുകൾ ഒഴികെ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പക്ഷേ, അവർ ഇപ്പോഴും സീറ്റുകൾ എസ്.ബി.എസ്.പിയുമായി പങ്കിടാൻ സമ്മതിച്ചിട്ടില്ലെന്നും പാർട്ടി പ്രസിഡന്റും പ്രമുഖ ഒ.ബി.സി നേതാവും യു.പി മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ പറഞ്ഞു. അതിനാൽ ബിഹാറിലുടനീളമുള്ള 153 സീറ്റുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താൻ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായ ബി.ജെ.പി, തങ്ങൾക്ക് മൂന്നോ നാലോ സീറ്റുകൾ അനുവദിച്ചാൽ പോലും എസ്.ബി.എസ്.പിയുടെ മുഴുവൻ സ്ഥാനാർഥികളെയും പിൻവലിക്കാൻ തയ്യാറാണെന്നും രാജ്ഭർ പറഞ്ഞു.
തങ്ങൾ വിജയിച്ചാൽ കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറിലെ ഒരു സ്ഥാനം നൽകേണ്ടിവരുമെന്നും ചില വകുപ്പുകൾ കൂടി അനുവദിക്കേണ്ടിവരുമെന്നും ബിഹാർ ബി.ജെ.പി ഭയപ്പെടുന്നുവെന്നും വർഷങ്ങളായി തന്റെ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ബിഹാറിലെ അടിത്തട്ടിൽ പ്രവർത്തിക്കുന്നുവെന്നും രാജ്ഭർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ തരാരി, രാംഗഡ് തുടങ്ങിയ ചില സീറ്റുകളിൽ എസ്.ബി.എസ്.പി സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വം അവരെ പിൻവലിക്കാൻ അഭ്യർഥിച്ചുവെന്നും ചില സംസ്ഥാന കമീഷനുകളിൽ ഉൾപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തുവെന്നും പക്ഷെ, ആ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിഹാറിലെ ജനസംഖ്യയുടെ 4.2ശതമാനത്തോളം വരുന്ന രാജ്ഭർ, രാജ്വാർ, രാജ്വംശി, രാജ്ഘോഷ് തുടങ്ങിയ ഒ.ബി.സി ഗ്രൂപ്പുകളിൽ തങ്ങൾക്ക് ഉറച്ച പിന്തുണയുണ്ടെന്ന് എസ്.ബി.എസ്.പി അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

