എൻ.ഡി.എ ഘടകകക്ഷികൾക്ക് തിരിച്ചടിയാകുമെന്ന് രുചിർ ശർമ
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ഘടകകക്ഷികളുടെ അവസ്ഥ ‘കട്ടപ്പൊക’യായിരിക്കുമെന്ന് പ്രമുഖ നിക്ഷേപകനും സാമ്പത്തിക വിദഗ്ധനുമായ രുചിർ ശർമ. ബിഹാറിൽ ജെ.ഡി.യു, മഹാരാഷ്ട്രയിൽ അജിത് പവാർ പക്ഷ എൻ.സി.പിയും ഏക് നാഥ് ഷിൻഡെയുടെ ശിവസേനയും കർണാടകയിൽ ജനതാദൾ എസും ഇത്തവണ തിരിച്ചടി നേരിടുമെന്ന് വർഷങ്ങളായി തെരഞ്ഞെടുപ്പുകൾ വിശകലനം ചെയ്യുന്ന രുചിർ ശർമ ‘ഇന്ത്യ ടുഡേ’ പോപ് അപ് കോൺക്ലേവിൽ പറഞ്ഞു. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ പകുതി ഇൻഡ്യ സഖ്യത്തിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കനത്ത നഷ്ടമുണ്ടാകുന്നത് ബി.ജെ.പിക്കൊപ്പമുള്ള ശിവസേനക്കും എൻ.സി.പിക്കുമാകും. ആന്ധ്രപ്രദേശിലെ ടി.ഡി.പി ഒഴികെയുള്ള ബി.ജെ.പി ഘടകകക്ഷികൾ കടുത്ത പ്രതിസന്ധിയിലാകുമെന്നും രുചിർ ശർമ അഭിപ്രായപ്പെട്ടു.
ആന്ധ്ര, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പുകാലത്ത് സഞ്ചരിച്ചപ്പോൾ ജനങ്ങളുടെ ആവശ്യങ്ങളും മറ്റും വ്യത്യസ്തമായി തോന്നി. വ്യത്യസ്തരായ നേതാക്കളെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നതെന്നും മനസ്സിലായി. ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ ജഗൻ മോഹൻ റെഡ്ഡിയും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവുമാണ് താരങ്ങൾ. ദേശീയ നേതാക്കളും പാർട്ടികളും അവിടെ പ്രസക്തമല്ല. കോൺഗ്രസ് പൂർണമായും അപ്രസക്തമായ അവസ്ഥയിലാണ്. നായിഡുവിന്റെയും പവൻ കല്യാണിന്റെയും ചുമലിലേറുകയാണ് ബി.ജെ.പി.
കർണാടകയിൽ കോൺഗ്രസും ബി.ജെ.പിയും കടുത്ത പോരാട്ടമാണെന്ന് രുചിർ പറഞ്ഞു. ജനതാദൾ എസ് തുടച്ചുനീക്കപ്പെടും. മഹാരാഷ്ട്രയിൽ ഏത് പാർട്ടി ആരുടെ കൂടെയാണെന്ന് ആശയക്കുഴപ്പമുണ്ട്. കോൺഗ്രസുമായി സഖ്യത്തിലുള്ള ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും ജനങ്ങൾക്ക് സഹതാപമുണ്ടെന്നും രുചിർ ശർമ ചൂണ്ടിക്കാട്ടി.
അതേസമയം, ആന്ധ്രയിൽ 25ൽ ആറ് സീറ്റിൽ മാത്രമാണ് ബി.ജെ.പി മത്സരിക്കുന്നതെങ്കിലും ടി.ഡി.പിയുടെ വിജയം എൻ.ഡി.എക്ക് നേട്ടമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡി വൻ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടുത്തിടെ പ്രവചിച്ചിരുന്നു. തെലുങ്ക് ചാനലായ ആർ.ടി.വി 25 ലോക്സഭ സീറ്റുകളിൽ 15 എണ്ണം ടി.ഡി.പിക്കും എട്ടുസീറ്റുകൾ ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പിക്കും പ്രവചിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

