ബി.ജെ.പിയുടെ സഖ്യചർച്ചകൾ പുരോഗമിക്കുന്നു; ഒഡിഷയിൽ ബി.ജെ.ഡി സഖ്യമായി
text_fieldsഎൻ. ചന്ദ്രബാബു നായിഡു
ന്യൂഡൽഹി: ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികക്ക് അന്തിമ രൂപം നൽകാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി 9, 10 തീയതികളിൽ ചേരും. ബിഹാറിലെയും മഹാരാഷ്ട്രയിലെയും ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാകാതെ ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക വൈകുന്നതിനിടെ ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് ഇക്കാര്യമറിയിച്ചത്. ഒഡിഷയിൽ ഭരണകക്ഷിയായ ബി.ജെ.ഡിയുമായുള്ള സഖ്യം പ്രഖ്യാപിക്കുന്ന വെള്ളിയാഴ്ച ശിവരാത്രിയായതിനാൽ സ്ഥാനാർഥിനിർണയ ചർച്ച നടക്കില്ല. ആന്ധ്രപ്രദേശിൽ തെലുഗുദേശം പാർട്ടിയുമായും പഞ്ചാബിൽ ശിരോമണി അകാലിദളുമായുമുള്ള സഖ്യചർച്ച പുരോഗമിക്കുകയാണ്.
48 ലോക്സഭ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ 30 സീറ്റുകളിൽ മത്സരിക്കണമെന്ന നിലപാട് ബി.ജെ.പി എടുത്തതാണ് പ്രതിസന്ധിയായത്. കർണാടകയിൽ ജെ.ഡി.എസ് മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിലും ഔദ്യോഗിക തീരുമാനമായിട്ടില്ല.
ഇതിനിടെ, ലോക്സഭയോടൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിൽ ബി.ജെ.പിയുമായി സഖ്യസാധ്യത തേടി തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു ഡൽഹിയിൽ. മുതിർന്ന ബി.ജെ.പി നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ സഖ്യം രൂപപ്പെടുമെന്നാണ് സൂചന.
നേരത്തെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ.ഡി.എ) ഭാഗമായിരുന്നുവെങ്കിലും 2018ൽ നായിഡു മുഖ്യമന്ത്രിയായതിനെ തുടർന്ന് ടി.ഡി.പി ബന്ധം ഉപേക്ഷിച്ചിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്.
മഹാരാഷ്്ട്രയിൽ കല്ലുകടി
മുംബൈ: മഹാരാഷ്ട്രയിൽ മഹായൂത്തിലെ സീറ്റുവിഭജന തർക്കത്തിൽ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് ചൂണ്ടിക്കാട്ടി ശിവസേനയോട് ബി.ജെ.പിയുടെ വിലപേശൽ. 13 സിറ്റിങ് എം.പിമാരുണ്ടായിട്ടും ഷിൻഡെപക്ഷ ശിവസേനക്ക് എട്ട് സീറ്റുകളിലധികം നൽകാൻ ബി.ജെ.പി തയാറല്ല. ഷിൻഡെപക്ഷ എം.പിമാരുടെ നാല് സീറ്റുകൾ ബി.ജെ.പിക്ക് നൽകണമെന്നുമാണ് ആവശ്യം. തുടർച്ചയായി അഞ്ച് തവണ എം.പിയായ ഭാവന ഗാവ്ലിയുടെ മണ്ഡലം യവത്മൽ-വാഷിം, മുതിർന്ന ശിവസേന നേതാവ് ഗജാനൻ കീർത്തികറുടെ നോർത്ത് വെസ്റ്റ് മുംബൈ ഇവയും അതിൽപെടും. ഭാവന ഗാവ്ലിക്കെതിരെ ഇ.ഡി കേസുള്ളതും ഗജാനൻ കീർത്തികറുടെ പ്രായവുമാണ് തടസ്സമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്നത്.
ട്രസ്റ്റിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ കൂട്ടാളി അറസ്റ്റിലായതോടെ ഒഴിവിൽ പോയ ഭാവന ശിവസേനയിലെ പിളർപ്പിന് ശേഷം ഷിൻഡെ പക്ഷത്താണ് പ്രത്യക്ഷപ്പെട്ടത്. മണ്ഡലം വിട്ടുകൊടുക്കില്ലെന്നാണ് ഭാവനയുടെ നിലപാട്. പാർട്ടി നടത്തിയ സർവേ അനുസരിച്ച് ജയസാധ്യത നോക്കിയാണ് സീറ്റു വിഭജനമെന്നും സിറ്റിങ് സീറ്റുകളുടെ അടിസ്ഥാനത്തിലല്ലെന്നുമാണ് ബി.ജെ.പിയുടെ നിലപാട്. അതേസമയം, ഷിൻഡെപക്ഷ നേതാവ് രാദാസ് കദമും ഉപമുഖ്യമന്ത്രിയായ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും തമ്മിലെ വാക്പോരിനും തർക്കം വഴിവെച്ചു. മഹാരാഷ്ട്ര ബി.ജെ.പിയിൽ നടക്കുന്നത് അറപ്പുളവാക്കുന്ന കാര്യങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ഇവരുടെ ചെവിക്കുപിടിച്ചെങ്കിലെന്ന് ആശിച്ചുപോകുന്നുവെന്നും രാംദാസ് കദം പറഞ്ഞു. വിശ്വസിച്ചു കൂടെ വന്നവരുടെ കഴുത്തറുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കദം അക്രമാസക്തമായി സംസാരിക്കുന്നത് പതിവാണെന്ന് പ്രതികരിച്ച് ഫഡ്നാവിസ് തങ്ങൾക്ക് 115 എം.എൽ.എമാരുണ്ടായിട്ടും മുഖ്യമന്ത്രിയാക്കിയത് ഷിൻഡെയെ ആണെന്ന് ഓർമവേണമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

