കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചവരെ അടിച്ചോടിച്ച് ബി.ജെ.പി പ്രവർത്തകർ; നിഷ്ക്രിയരായി പൊലീസ്
text_fieldsപാട്ന: ബിഹാറിലെ പാട്നയിൽ കാർഷിക ബില്ലിനെതിരായ ജൻ അധികാർ പാർട്ടി പ്രതിഷേധത്തിനെതിരെ ബി.ജെ.പി പ്രവർത്തകരുടെ ഗുണ്ടായിസം. പ്രതിഷേധ റാലിയിലേക്ക് ഇരച്ചുകയറിയ ബി.ജെ.പി പ്രവർത്തകർ ജെ.എ.പി അനുയായികളെ പൊലീസ് നോക്കിനിൽക്കെ അടിച്ചോടിച്ചു. വടികളും ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ വാഹനങ്ങൾ നശിപ്പിക്കുകയും പ്രതിഷേധക്കാരെ റോഡിലൂടെ ഓടിച്ചിട്ട് അടിക്കുകയും ചെയ്തു.
കാർഷിക ബില്ലിനെതിരായി ജെ.എ.പി പാട്നയിലെ ബി.ജെ.പി ഓഫീസിലേക്കാണ് റാലി നടത്തിയത്. ജെ.എ.പി പ്രവർത്തകർ ഓഫീസിൽ കയറാൻ ശ്രമിച്ചതോടെ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ബി.ജെ.പി പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. അക്രമാസക്തരായ പ്രവർത്തകർ പ്രതിഷേധക്കാരെ സംഘം ചേർന്ന് മർദിച്ചു.
റോഡിൽ നിർത്തിയിട്ട ജെ.എ.പിയുടെ വാഹനം തല്ലിതകർത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രവർത്തകരെ റോഡിലൂടെ ഓടിച്ചിട്ട് തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമത്തിനിടെ പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുന്നതും ദൃശ്യത്തിൽ കാണാം.
റോഡിലെ അക്രമത്തെ തുടർന്ന് ഗതാഗാതം സ്തംഭിച്ചു.സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Latest Video:

