ബി.ജെ.ഡി പ്രവർത്തകരുമായി ഏറ്റുമുട്ടൽ; ഒഡിഷയിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു
text_fieldsഭുവനേശ്വർ: ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ ഭരണകക്ഷിയായ ബി.ജെ.ഡി പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു. ഏഴ് പ്രവർത്തകർക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രിയുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദിലീപ് കുമാർ പഹാന (28) എന്ന ബി.ജെ.പി പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ സാരമായ പരിക്കേറ്റ ഇയാൾ എം.കെ.സി.ജി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പരിക്കേറ്റ ബി.ജെ.പി പ്രവർത്തകർ ചികിത്സയിലാണ്.
ഇരുപക്ഷവും ആയുധങ്ങളുമായി സംഘടിച്ചെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രവർത്തകന്‍റെ മരണത്തിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ ബി.ജെ.ഡി സിറ്റിങ് എം.എൽ.എയും കല്ലിക്കോട്ടെ നിയമസഭ മണ്ഡലം സ്ഥാനാർഥിയുമായ സൂര്യമണി ബൈദ്യയുടെ വീടിന് നേരെ മാർച്ച് നടത്തി. വീടിന് സമീപം നിർത്തിയിട്ട നിരവധി വാഹനങ്ങൾ തകർത്തു. സംഘർഷം വ്യാപിക്കാതിരിക്കാനുള്ള നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പൊലീസിന് നിർദേശം നൽകി.
ഒഡിഷയിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത്. നാല് ഘട്ടമായി നടക്കുന്ന നിയമസഭ വോട്ടെടുപ്പിൽ ഒരു ഘട്ടമാണ് പൂർത്തിയായത്. മേയ് 13നായിരുന്നു ഒന്നാംഘട്ടം. ഇനി മേയ് 20, 25, ജൂൺ ഒന്ന് തിയതികളിലാണ് വോട്ടെടുപ്പ്.
147 അംഗ ഒഡിഷ നിയമസഭയിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ ബി.ജെ.ഡിക്ക് 114 അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ ബി.ജെ.പിക്ക് 22ഉം കോൺഗ്രസിന് ഒമ്പതും അംഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

