ബംഗളൂരു കഫേ സ്ഫോടനം: ബി.ജെ.പി പ്രവർത്തകൻ എൻ.ഐ.എ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബി.ജെ.പി പ്രവർത്തകനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കസ്റ്റഡിയിലെടുത്തു. ശിവമൊഗ്ഗ ജില്ലയിലെ തീർത്തഹള്ളിയിൽനിന്നാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സായിപ്രസാദിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
രണ്ടു മൊബൈൽ ഷോപ്പ് ജീവനക്കാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എൻ.ഐ.എ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ശിവമൊഗ്ഗയിൽ എൻ.ഐ.എ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. മൊബൈൽ സ്റ്റോറിലും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വീട്ടിലും പരിശോധന നടത്തി. പിന്നാലെയാണ് ബി.ജെ.പി പ്രവർത്തകനെ കസ്റ്റഡിയിലെടുക്കുന്നത്.
സായിപ്രസാദിന്‍റെ കസ്റ്റഡിക്കു പിന്നാലെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ കാവി പടക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്ന് കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു ചോദിച്ചു. സ്ഫോടനത്തിന്‍റെ പേരിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെ വിമർശിച്ച ബി.ജെ.പി, നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഒരു ബി.ജെ.പി പ്രവർത്തകനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു, രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ബി.ജെ.പി പങ്ക് തള്ളിക്കളയാമോ? മതസംരക്ഷണത്തിന്‍റെ പേരിൽ ബി.ജെ.പി പ്രചരിപ്പിക്കുന്ന കാവി തീവ്രവാദം ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതിന് ഇതിലും വ്യക്തമായ തെളിവുണ്ടോ? ആർ.എസ്.എസ് ആശയങ്ങൾ രാജ്യവ്യാപകമായി നടപ്പാക്കുന്ന കേന്ദ്ര ബി.ജെ.പിക്ക് ഇതിനോട് എന്താണ് പറയാനുള്ളത്?’ -ഗുണ്ടുറാവു എക്സിൽ കുറിച്ചു.
മാർച്ച് ഒന്നിന് രാമേശ്വരത്തെ പ്രമുഖ കഫേയിലുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം രണ്ട് പ്രതികളുടെ ചിത്രങ്ങള്‍ കൂടി എന്‍.ഐ.എ പുറത്തുവിട്ടു. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികള്‍ വ്യാജ ആധാര്‍ കാർഡും ഡ്രൈവിങ് ലൈസന്‍സും ഉപയോഗിക്കുന്നുണ്ടെന്നും എ.എന്‍.ഐ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

