ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികന് ബി.ജെ.പി പ്രവർത്തകരുടെ മർദനം
text_fieldsറായ്പൂർ: ഛത്തീസ്ഗഢിലെ കവർദയിൽ മതിപരവർത്തനം ആരോപിച്ച് മലയാളി വൈദികന് ബി.ജെ.പി-ബജ്രംഗ്ദൾ പ്രവർത്തകരുടെ മർദനം. മെയ് 18ലെ ഞായറാഴ്ച പ്രാർഥനക്കിടെയാണ് മർദനമുണ്ടായതെന്ന് മലയാളി വൈദികൻ ജോസ് തോമസ് പറഞ്ഞു. 20 ഓളം ആളുകളാണ് പള്ളിയിലെത്തി മർദനം നടത്തിയത്. ജയ് ശ്രീറാം വിളിച്ചാണ് അക്രമികൾ എത്തിയത്. പൊലീസെത്തിയപ്പോൾ അവരുടെ സാന്നിധ്യത്തിലും മർദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് തങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടികൾ ഉൾപ്പടെയുള്ളവരെ വെള്ളം പോലും തരാതെ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയെന്നും ഒടുവിൽ മതപരിവർത്തന കുറ്റം ആരോപിച്ച് തങ്ങൾക്കെതിരെ കേസെടുത്തുവെന്നും ബി.ജെ.പി പ്രവർത്തകർക്കെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
സ്കൂളിലെ വിദ്യാർഥികൾക്ക് ടി.സി നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് സൂചനയുണ്ട്. വൈദികനായ ജോസ് തോമസ് ഛത്തീസ്ഗഢിൽ ഒരു സ്കൂൾ നടത്തുന്നുണ്ട്. ഇവിടെ മാസങ്ങളായി ഫീസ് കൊടുക്കാതെ പഠിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് ടി.സി നൽകണമെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്നതോടെയാണ് മർദനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
സുരക്ഷാഭീഷണിയുള്ളതിനാൽ പ്രദേശത്ത് നിന്ന് ഇപ്പോൾ മാറി താമസിക്കുകയാണെന്നും കുടുംബത്തിന് ഉൾപ്പടെ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

