കൊൽക്കത്ത: നിർണായകമായ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കില്ലെന്ന് സംസ്ഥാനത്തിെൻറ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിൻെറ നേട്ടങ്ങളായിരിക്കും ബി.ജെ.പിയുടെ മുഖം. അത് വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മുഖ്യമരന്തി സ്ഥാനാർഥിയായി ഒരാളെ മുന്നോട്ടുവെക്കില്ല. തെരഞ്ഞെടുപ്പിനു ശേഷം വിജയിച്ച ബി.ജെ.പി നിയമസഭാ സാമാജികർക്ക് അവരുടെ നേതാവിനെ തിരഞ്ഞെടുക്കാം- കൈലാഷ് വിജയവർഗിയ വ്യക്തമാക്കി.
2021 ലെ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. വ്യക്തിപരമായ അജണ്ട പിന്തുടരുന്ന ഒരു വിഭാഗം പാർട്ടി നേതാക്കളാണ് പ്രചാരണത്തിന് തുടക്കമിട്ടതെന്നും വിജയവർഗിയയുടെ പ്രഖ്യാപനത്തോടെ അതെല്ലാം അവസാനിക്കുമെന്നും ബംഗാളിലെ ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു.